അസ്ഹറിനെയും മറികടന്നു; റണ്‍വേട്ടയില്‍ വിരാട് കുതിക്കുകയാണ്

വിരാട് കോഹ്‌ലി കുതിക്കുകയാണ്. ക്യാപ്റ്റനായപ്പോള്‍ അയാളുടെ ബാറ്റിനും മൂര്‍ച്ച കൂടി. മികച്ച ഇന്നിംഗ്‌സുകളാണ് വിരാട് ഓരോ കളികളിലും സ്വന്തം പേരില്‍ കുറിക്കുന്നത്. പിടിച്ചുകെട്ടാനാവാത്ത വിധം വിരാടിന്റെ ഇന്നിംഗ്‌സുകള്‍ കുതിക്കുമ്പോള്‍ അതിനൊപ്പം ഒരുപിടി റെക്കോര്‍ഡുകളും അയാള്‍ സ്വന്തമാക്കികൊണ്ടിരിക്കുകയാണ്. നിലവില്‍ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലും മറികടക്കാനാവുന്ന തരത്തിലുള്ള പ്രതിഭ വിരാട് കോഹ്‌ലിയെന്ന താരത്തിലുണ്ടെന്ന് ക്രിക്കറ്റ് ലോകം ഒളിഞ്ഞും തെളിഞ്ഞും പറയാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്നലെ ജോഹനാസ്ബര്‍ഗില്‍ നടന്ന സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ നേടിയ 83 റണ്‍സോടെ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് വിരാട് കോഹ്‌ലി എത്തി.
ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ മറികടന്നാണ് വിരാട് അഞ്ചാം സ്ഥാനത്തെത്തിയത്. അസ്ഹറുദ്ദീന് 334 മത്സരങ്ങളില്‍ നിന്ന് 9378 റണ്‍സാണ് ഉള്ളത്. ഇന്നലെ നേടിയ റണ്‍സ് അടക്കം വിരാട് കോഹ്‌ലിക്ക് സ്വന്തമായിട്ടുള്ളത് 9423 റണ്‍സാണ്. വെറും 206 മത്സരങ്ങളില്‍ നിന്നാണ് വിരാട് ഇത്രയും റണ്‍സ് നേടിയത്. പട്ടികയില്‍ 18426 രണ്‍സുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുന്‍പില്‍. 11221 റണ്‍സ് നേടിയിട്ടുള്ള സൗരവ് ഗാംഗുലി രണ്ടാം സ്ഥാനത്തും 10768 റണ്‍സുമായി രാഹുല്‍ ദ്രാവിഡ് മൂന്നാം സ്ഥാനത്തുമാണ്. 9738 റണ്‍സ് നേടിയിട്ടുള്ള മഹേന്ദ്രസിംഗ് ധോണിയാണ് നാലാം സ്ഥാനത്ത്. പട്ടികയില്‍ ഉള്ളവരെല്ലാം ഇന്ത്യയുടെ ക്യാപ്റ്റന്‍മാരായിരുന്നു എന്നുള്ളതാണ് മറ്റൊരു വസ്തുത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here