സൗത്താഫ്രിക്കയിലെ വീരാടന്മാര്‍; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇത് ചരിത്രനേട്ടം

സൗത്താഫ്രിക്കയിലെ പോര്‍ട്ട് എലിസബത്ത് സ്റ്റേഡിയത്തില്‍ ആഘോഷം പൊടിപൊടിക്കുകയാണ്. ഇന്ത്യന്‍ ആരാധകര്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് വേണം. പകരം വീട്ടുക മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചെയ്തത്. ഇങ്ങോട്ട് കിട്ടിയതിനെല്ലാം പലിശ സഹിതം സൗത്താഫ്രിക്കയ്ക്ക് തിരിച്ചുകൊടുത്തു കഴിഞ്ഞു. ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ 73 റണ്‍സിനാണ് ഇന്ത്യ വിജയം കുറിച്ചത്. ആറ് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 4-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. ടെസ്റ്റ് പരമ്പരയില്‍ ഏറ്റ നാണക്കേടിന് ഇന്ത്യ പലിശ സഹിതം പകരംവീട്ടി. ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ടീം ആയ ഇന്ത്യയെ ടെസ്റ്റ് മത്സരങ്ങളില്‍ നാണം കെടുത്തിയപ്പോള്‍ ഏകദിനത്തിലെ ഒന്നാം നമ്പര്‍ ടീമായ സൗത്താഫ്രിക്കയെ ഇന്ത്യയും അവരുടെ തട്ടകത്തില്‍ വെച്ചുതന്നെ നാണംകെടുത്തി. സൗത്താഫ്രിക്കയിലെ ക്രിക്കറ്റ് പ്രേമികള്‍ ഈ പരാജയം അങ്ങനെ പെട്ടന്ന് മാറക്കാന്‍ സാധ്യതയില്ല. ഈ വിജയത്തിന്റെ ലഹരിയില്‍ നിന്ന് ഇന്ത്യയും അത്ര പെട്ടന്നൊന്നും പുറത്തുകടക്കാനും സാധ്യതയില്ല. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ സൗത്താഫ്രിക്കയിലെ മണ്ണില്‍ ഒരു പരമ്പര സ്വന്തമാക്കുന്നത്. സൗത്താഫ്രിക്കയെ വലിയ കടമ്പയായി കണ്ടിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്വന്തം കഴിവില്‍ ഇനി ഏറെ വിശ്വാസമര്‍പ്പിക്കും. കഴിഞ്ഞ അഞ്ച് ഏകദിനങ്ങളില്‍ ഒന്നില്‍പോലും സൗത്താഫ്രിക്ക ഒരു തരത്തിലും ഇന്ത്യയ്ക്ക് എതിരാളികളായില്ല. ജോഹന്നാസിലെ പിങ്ക് ഏകദിനത്തില്‍ സൗത്താഫ്രിക്ക വിജയിച്ചെങ്കിലും ആ വിജയത്തിലും ഇന്ത്യയ്ക്ക് ശക്തരായ എതിരാളികളല്ലായിരുന്നു അവര്‍.
ഇന്നലെ നടന്ന അഞ്ചാം ടെസ്റ്റില്‍ 73 റണ്‍സിനായിരുന്നു ഇന്ത്യ വിജയം നേടിയത്. ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് നേടിയപ്പോള്‍ സൗത്താഫ്രിക്ക 42.2 ഓവറില്‍ 201 റണ്‍സിന് പുറത്തായി. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ നേടിയ തകര്‍പ്പന്‍ സെഞ്ചുറി ഇന്ത്യയുടെ ഇന്നിംഗ്‌സിന് നെടുംതൂണായപ്പോള്‍ കഴിഞ്ഞ കുറച്ച് മത്സരങ്ങളായി ഫോമില്‍ അല്ലാതിരുന്ന രോഹിത്തിന്റെ കരിയറിനും അത് ഗുണമായി. കരിയറിലെ 17-ാം സെഞ്ചുറിയാണ് രോഹിത്ത് ഇന്നലെ നേടിയത്. മികച്ച തുടക്കം കിട്ടിയിട്ടും സ്‌കോറിംഗിന്റെ വേഗത കൂട്ടുന്നതില്‍ ഇന്ത്യയുടെ മധ്യനിര പരാജയപ്പെട്ടു. 71 റണ്‍സ് നേടിയ അംലയുടെ കരുത്തില്‍ സൗത്താഫ്രിക്ക വിജയം രുചിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ഇന്ത്യയുടെ ബൗളേഴ്‌സ് സൗത്താഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ വരിഞ്ഞുമുറുക്കിയ കാഴ്ച ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തി. ഇടംകയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ചാഹല്‍, പാണ്ഡ്യ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും ബുംറ ഒരു വിക്കറ്റും വീഴ്ത്തി. ഇതോടെ ആറ് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. ശേഷിക്കുന്ന ഒരു മത്സരം സൗത്താഫ്രിക്കയ്ക്ക് ഒരു ആശ്വാസജയത്തിന് വേണ്ടിയുള്ളതാകും. ചെറിയ മധുരമല്ല ഇന്ത്യ പോര്‍ട്ട് എലിസബത്തില്‍ നിന്ന് സ്വന്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here