സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ പണിമുടക്കും

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ പണിമുടക്കും. ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് പണി മുടക്ക്. സംസ്ഥാന വ്യാപകമായാണ് പണിമുടക്ക്. യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് സമരം.
ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കുക, ശമ്പള പരിഷ്കരണം ഉടന്‍ നടപ്പാക്കുക, ട്രെയിനി സമ്പ്രദായം നിര്‍ത്തലാക്കുക, ആശുപത്രികളുടെ പ്രതികാരനടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. അത്യാഹിതവിഭാഗം ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി സര്‍വീസിനെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 180 ദിവസം പിന്നിട്ട കെ.വി.എം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്മെന്‍റ് തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ തീരുമാനിച്ചത്. കെ.വി.എം ആശുപത്രിക്ക് മുന്നില്‍ നിരാഹാര സമരം നടത്തുന്ന യു.എന്‍.എ സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ നഴ്സുമാര്‍ സമരപ്പന്തലില്‍ ഒത്തുചേരും. നാളെ രാവിലെ ഏഴ് മണി മുതല്‍ മറ്റന്നാള്‍ രാവിലെ ഏഴ് മണിവരെയാണ് പണിമുടക്ക്. സമരം ഒത്തുതീര്‍പ്പാക്കാന്‍ വൈകിയാല്‍ സമരം ശക്തമാക്കുമെന്ന് യു.എന്‍.എ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ നഴ്‍സസ് അസോസിയേഷന്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here