റെയിൽവേ റിക്രൂട്ട്‌മെൻറ് പരീക്ഷ മലയാളത്തിൽ എഴുതാം

റെയിൽവെ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെൻറ് പരീക്ഷയിൽ പ്രാദേശികഭാഷകളിൽ മലയാളത്തെ ഒഴിവാക്കിയ നടപടി റദ്ദാക്കി. ഓൺലൈനിൽ അപേക്ഷിക്കുമ്പോൾ മലയാള ഭാഷ കൂടി തെരഞ്ഞെടുക്കാൻ കഴിയുന്ന രീതിയിൽ വെബ്‌സൈറ്റ് പരിഷ്‌കരിച്ചു.
ഇന്ന് രാവിലെ പത്ത് മണി വരെ മലയാള ഭാഷ തെരഞ്ഞെടുക്കാനാവാതെ അപേക്ഷ സമർപ്പിച്ചവർക്ക് തിരുത്തുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടിയ പ്രശ്‌നത്തിൽ എം.ബി രാജേഷ് എം.പിയാണ് ആദ്യം ഇടപെട്ടത്. ഇക്കാര്യം റയിൽവെ റിക്രൂട്ട്‌മെൻറ് ബോർഡിൻറെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. തുടർന്ന്, വിവാദ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് കത്തയച്ചിരുന്നു. മലയാളഭാഷയോടും കേരളത്തിലെ മൂന്നരക്കോടി വരുന്ന ജനങ്ങളോടുമുള്ള കടുത്ത അനീതിയാണ് നടപടിയെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here