ആതിഥേർക്ക് ആശ്വാസജയം: സൗത്താഫ്രിക്കയുടെ വിജയം 6 വിക്കറ്റിന്

സെഞ്ചൂറിയൻ: സ്വന്തം രാജ്യത്ത് ഏകദിന പരമ്പയിലേറ്റ നാണക്കേടിന് പകരം വീട്ടാൻ ട്വന്റി-20 പരമ്പയിലൂടെ ആതിഥേയർക്ക് സാധിക്കുമോ എന്നറിയാൻ മൂന്നാം ട്വന്റി-20 മത്സരം വരെ കാത്തിരിക്കാം. ഇന്ത്യ-സൗത്താഫ്രിക്ക ട്വന്റി 20 പരമ്പയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ട്വന്റി 20 പരമ്പര 1-1 എന്ന നിലയിലായി. ഇരു ടീമുകളും ഓരോ മത്സരങ്ങൾ വിജയിച്ചതിനാൽ പരമ്പരയിലെ മൂന്നാം മത്സരം നിർണായകമാകും.
ഇന്നലെ സെഞ്ചൂറിയനിൽ നടന്ന രണ്ടാം ട്വന്റി 20 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം വെറും 18.4 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു. ക്യാപ്റ്റൻ ജീൻ പോൾ ഡുമിനിയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഹെൻറിച്ച് ക്ലാസനും ഇന്ത്യൻ ബൗളേഴ്സിനെ കണക്കിന് പ്രഹരിച്ചു. ഡുമിനി 40 പന്തുകളിൽ നിന്ന് 64 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ ക്ലാസൻ വെറും 30 പന്തുകളിൽ നിന്ന് 69 റൺസ് നേടിയാണ് പുറത്തായത്. ക്രീസിൽ തകർത്തടിച്ച ഇരുവരുമാണ് സൗത്താഫ്രിക്കയുടെ വിജയശില്പികളായി. ഏഴ് കുറ്റൻ സിക്സറുകളാണ് സെഞ്ചൂറിയനിൽ ക്ലാസന്റെ ബാറ്റിൽ നിന്ന് പിറന്നത്.
നേരത്തേ, ടോസ് ലഭിച്ച സൗത്താഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. എല്ലാ മത്സരങ്ങളിലും മികവ് പുലർത്താറുള്ള ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാൻമാർ പരാജയപ്പെടുന്ന കാഴ്ചയാണ് ഇന്നലെ സെഞ്ചൂറിയനിൽ കണ്ടത്. 90 റൺസിനിടെ ഇന്ത്യയുടെ നാല് മുൻ നിര വിക്കറ്റുകൾ നഷ്ടപ്പെട്ടത് ടീം ടോട്ടൽ ഉയർത്തുന്നതിൽ തിരിച്ചടിയായി. എങ്കിലും പിന്നീട് ക്രീസിലെത്തിയ മനീഷ് പാണ്ഡെയും മുൻ ക്യാപ്റ്റൻ എം.എസ് ധോണിയും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തി. 48 പന്തുകൾ നേരിട്ട മനീഷ് പാണ്ഡെ 79 റൺസും 28 പന്തുകൾ നേരിട്ട എം.എസ് ധോണി 52 റൺസും നേടി പുറത്താകാതെ നിന്നു.
24- തിയ്യതി വെള്ളിയാഴ്ച കേപ്ടൗണിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. അവസാന മത്സരത്തിൽ വിജയിക്കുന്നവർക്ക് ട്വന്റി-20 പരമ്പര സ്വന്തമാക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here