ടിനി ടോം വാക്ക് പാലിച്ചു, എട്ട് കൊല്ലത്തെ ആഗ്രഹ സാഫല്യം, സ്വാലിഹ് മമ്മൂക്കയെ കണ്ടു

ഫ്ളവേഴ്സ് ടിവിയിലെ കോമഡി ഉത്സവത്തിന്റെ വേദിയിലെത്തി മിമിക്രി അവതരിപ്പിച്ച് മടങ്ങുമ്പോള്‍ കൊടുങ്ങല്ലൂര്‍ സ്വദേശി സ്വാലിഹ് ഒരിക്കലും കരുതിയിട്ടുണ്ടാകില്ല കഴിഞ്ഞ എട്ട് കൊല്ലമായി താന്‍ മനസിലിട്ട് കൊണ്ട് നടന്ന ആ ആഗ്രഹം ദിവസങ്ങള്‍ക്കകം പൂവണിയുമെന്ന്. ജന്മനാ വൈകല്യങ്ങളുമായി ജനിച്ച കൊടുങ്ങല്ലൂര്‍ സ്വദേശിയായ സ്വാലിഹ് എന്ന മൂന്നാം ക്ലാസുകാരന് പരിപാടി ടെലികാസ്റ്റ് ചെയ്ത ശേഷം അഞ്ച് ദിവസമാണ് കാത്തിരിക്കേണ്ടി വന്നത്, തന്റെ ചിരകാലാഭിലാഷമായ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നേരിട്ട് അടുത്തൊന്ന് കാണാന്‍.
കഴിഞ്ഞ ആഴ്ചയാണ് സ്വാലിഹ് എത്തിയ എപിസോഡ് ഫ്ളവേഴ്സ് ടിവിയില്‍ ടെലികാസ്റ്റ് ചെയ്തത്. 11വയസ്സുകാരനായ സ്വാലിഹ് കൊട്ടപ്പുറം സെന്റ് മൈക്കിള്‍സ് സ്ക്കൂളിലെ വിദ്യാര്‍ത്ഥിയാണ്. വൈകല്യങ്ങളുമായി പിറന്നുവീണ സ്വാലിഹിന് ഇതിനോടകം 11 മേജര്‍ സര്‍ജറികളാണ് കഴിഞ്ഞത്. എങ്കിലും ഇരുകാലില്‍ നടക്കാനായിട്ടില്ല, ഇനിയും ശസ്ത്രക്രിയകള്‍ ബാക്കിയുണ്ട്. ഓട്ടോ ഡ്രൈവറായ ഹനീഫിന്റേയും ഭാര്യ രസ്നയുടേയും മൂന്നാമത്തെ കുഞ്ഞാണ് സ്വാലിഹ്. കോമഡി ഉത്സവം കണ്ട് ഈ പരിപാടിയില്‍ പങ്കെടുക്കാനായി മാത്രം മിമിക്രി പരിശീലിക്കുകയായിരുന്നു സ്വാലിഹ്.കോമഡി ഉത്സവവേദിയിലെത്തി ശശികലിംഗ, വിനയ് ഫോര്‍ട്ട്, വി എസ് അച്യുതാനന്ദന്‍ എന്നിവരെ മികച്ച രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തു.
സ്വാലിഹിനെ വേദിയിലേക്ക് എടുത്താണ് സ്വാലീഹിന്റെ പിതാവ് എത്തിച്ചത്. മടങ്ങാന്‍ നേരം പിതാവ് തന്നെയാണ് സ്വാലിഹിന്റെ ആഗ്രഹം വേദിയില്‍ വച്ച് തുറന്ന് പറഞ്ഞത്. ഇത് കേട്ടയുടനെ ടിനി ടോം വേദിയിലെത്തി സ്വാലിഹിന്റെ വീഡിയോ എടുത്ത് മമ്മൂട്ടിയ്ക്ക് അപ്പോള്‍ തന്നെ അയക്കുകയും ചെയ്തിരുന്നു. കൊടുങ്ങല്ലൂര്‍ നിന്ന് ഒരു അമ്പത് തവണയെങ്കിലും മമ്മൂട്ടിയെ കാണാതെ മടങ്ങിയ കാര്യവും സ്വാലിഹും അച്ഛനും വേദിയില്‍ നിന്ന് വെളിപ്പെടുത്തി. ടിനിടോം നല്‍കിയ ഉറപ്പ്, ഇത്രപെട്ടെന്ന് യാഥാര്‍ത്ഥ്യമാകുമെന്ന് സ്വാലിഹെന്നല്ല, പ്രേക്ഷകര്‍ പോലും കരുതിയിട്ടുണ്ടാകില്ല.
ഇന്ന് കാക്കനാട് എന്‍ജിഒ ക്വാട്ടേഴ്സിലെ യൂത്ത് ഹോസ്റ്റലില്‍ വച്ചാണ് സ്വാലിഹ് തന്റെ ആരാധനാപാത്രത്തെ നേരിട്ട് കണ്ടത്. അവിടേക്ക് എത്താന്‍ താരം തന്നെയാണ് നിര്‍ദേശം നല്‍കിയത്. ടിനി ടോമും ഒപ്പമുണ്ടായിരുന്നു. കൊടുങ്ങല്ലൂരില്‍ നിന്ന് ഓട്ടോയിലാണ് സ്വാലിഹും കുടുംബവും എത്തിയത്. അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണ് താരം ഇവിടെയെത്തിയത്. സ്വാലിഹിനെ കാണാന്‍ കാത്തിരുന്ന താരം സ്വാലിഹിന് നല്‍കാന്‍ ഒരു സമ്മാനവും കരുതി വച്ചിരുന്നു. എട്ട് വര്‍ഷത്തെ ആഗ്രഹം, അമ്പത് പ്രാവശ്യം ഒരു കുഞ്ഞ് ആരാധകന്‍ വ്യര്‍ത്ഥമായ ശ്രമങ്ങള്‍ അതിനാണ് ഇന്ന് ഇവിടെ പരിസമാപ്തിയായത്. ദൂരെ നിന്ന് ഒരു നോക്കെങ്കിലും കാണാന്‍ ആഗ്രഹിച്ച താരം തനിക്കായി കാത്തിരിക്കുക, സമ്മാനം കാത്ത് വയ്ക്കുക സ്വാലിഹിന് ഇത് സ്വപ്ന നിമിഷമായിരുന്നിരിക്കണം,നിറഞ്ഞ ഹൃദയത്തോടെയാവും ആ കുഞ്ഞ് കലാകാരന്‍ ഈ ദിവസത്തെ എക്കാലവും ഓര്‍ക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here