പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്; നിയമസഭാ ഇന്നത്തേക്ക് പിരിഞ്ഞു

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഭരണപക്ഷത്തിനെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. പ്രതിഷേധം രൂക്ഷമായതോടെ നിയമസഭാ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ ഉത്തരവിട്ടു. ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളികളഞ്ഞതോടെയാണ് സഭയില്‍ പ്രതിഷേധം ശക്തമായത്. ഇതേ തുടര്‍ന്ന് നിയമസഭാ ഇന്നത്തേക്ക് പിരിഞ്ഞു. നിയമസഭയില്‍ നിന്ന് പ്രതിഷേധവുമായി പുറത്തിറങ്ങിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി എ.കെ. ബാലന്‍ ഉറപ്പ് നല്‍കിയിരുന്നതായും എന്നാല്‍ ഈ ആവശ്യം മുഖ്യമന്ത്രി നിഷേധിച്ചത് ജനാധിപത്യത്തെ ചോദ്യം ചെയ്യുന്നതിനു തുല്ല്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേ സമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ഷുഹൈബിന്റെ കൊലപാതകം സിബിഐ ഏറ്റെടുക്കുന്നതു വരെ സുധാകരന്‍ നിരാഹാരം തുടരുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പോലീസ് പിടികൂടിയ പ്രതികള്‍ ഡമ്മി പ്രതികളാണെന്ന് ആരോപിച്ചായിരുന്നു സുധാകരന്‍ പ്രതിഷേധം ആരംഭിച്ചത്. എന്നാല്‍ ദൃക്‌സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് സ്ഥിരീകരിച്ചതോടെ ഡമ്മി പ്രതികളെന്ന ആരോപണം സുധാകരന്‍ പിന്‍വലിച്ചിരുന്നു. എങ്കിലും കേസ് സിബിഐ ഏറ്റെടുക്കണമെന്ന ആവശ്യത്തില്‍ നിന്ന് താന്‍ പിന്നോട്ടില്ലെന്ന് സുധാകരന്‍ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here