ഷുഹൈബ് വധം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വധിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഷുഹൈബിന്റെ കുടുംബമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 1.45ന് ഹര്‍ജി കോടതി അടിയന്തരമായി പരിഗണിക്കും.
നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിപിഎമ്മിന് കുറ്റകൃത്യത്തില്‍ പങ്കുള്ളതിനാല്‍ പോലീസ് അന്വേഷണം സുതാര്യമാകില്ലെന്നും ഷുഹൈബിന്റെ പിതാവ് ഇന്നലെ അറിയിച്ചിരുന്നു. അതിനാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമപരമായി മുന്നോട്ട് പോകുമെന്നും അന്വേഷണത്തിന് അനുമതി ലഭിക്കാത്ത പക്ഷം നിരാഹാരം കിടക്കുമെന്നും ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഇന്നലെ മാധ്യമങ്ങളെ അറിയിച്ചതിനു പിന്നാലെയാണ് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
അന്വേഷണം തൃപ്തികരമാണെന്നും അതിനാല്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യം നിലവില്‍ ഇല്ലെന്നുമാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചത്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സത്യം പുറത്തുവരാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും ഷുഹൈബിന്റെ കുടുംബം നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here