Advertisement

‘അങ്ങനെയാണ് ഒളകര ഊരിലെ പട്ടിണി മാറിയത്’

February 27, 2018
Google News 1 minute Read
rajan

ഉന്മേഷ് ശിവരാമന്‍ 

‘ഒളകര ഊരില്‍ എത്തിയപ്പോള്‍ ഒരമ്മച്ചി ഓടി വന്നു കെട്ടിപ്പിടിച്ചു. മുടങ്ങാതെ അരി കിട്ടുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു.’

ഫോണിലൂടെയാണ് കെ രാജന്‍ എംഎല്‍എ , തന്റെ മണ്ഡലമായ ഒല്ലൂരിലെ മൂന്നു അദിവാസി ഊരുകളില്‍ റേഷന്‍ എത്തിക്കാന്‍ തുടങ്ങിയ പദ്ധതിയെ കുറിച്ച് ട്വന്റിഫോറിനോട് സംസാരിച്ചത്.ഒളകര കൂടാതെ മണിയന്‍കിണര്‍,താമരവെള്ളച്ചാല്‍ എന്നീ ഊരുകളിലും കൃത്യമായി ആദിവാസികള്‍ക്ക് സൗജന്യ റേഷന്‍ എത്തുന്നുണ്ട്. മുന്‍പ് ഇതായിരുന്നില്ല അവസ്ഥ.

റേഷന്‍ വാങ്ങാന്‍ ഊരുകളില്‍ നിന്ന് എട്ട് മുതല്‍ ഇരുപത്തിരണ്ട് കിലോമീറ്റര്‍ വരെ സഞ്ചരിച്ച് വാണിയമ്പാറയില്‍ എത്തണം. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ വേണം സഞ്ചരിക്കാന്‍. ഒരു തവണ റേഷന്‍ വാങ്ങി ഊരില്‍ തിരിച്ചെത്തുമ്പോള്‍ അഞ്ഞൂറ് രൂപയെങ്കിലും ചെലവാകും. മിക്കപ്പോഴും അര്‍ഹതപ്പെട്ട മുപ്പത്തിയാറ് കിലോ റേഷന്‍ സാധനങ്ങള്‍ കിട്ടിയെന്നും വരില്ല. ഇത് മനസ്സിലാക്കിയാണ് ഊരുകളില്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിയെ കുറിച്ച് ആലോചിച്ചത്. കെ രാജന്‍ എംഎല്‍എ നേരിട്ട് സപ്ലൈ ഓഫീസര്‍ പി ആര്‍ ജയചന്ദ്രനുമായി സംസാരിച്ചു. വനംവകുപ്പുമായി കൂടിയാലോചിച്ചു. വനംവകുപ്പിന്റെയും സപ്ലൈ ഓഫീസറുടെയും വാഹനങ്ങളില്‍ മാറിമാറി റേഷന്‍ എത്തിക്കാമെന്ന് തീരുമാനിച്ചു.

കഴിഞ്ഞ ജൂലൈ മാസത്തില്‍ ഭക്ഷ്യമന്ത്രി പി തിലോത്തമനാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതുവരെ പദ്ധതി മുടങ്ങിയിട്ടില്ല. മാസത്തില്‍ രണ്ടുതവണ ഊരുകളിലേക്കുള്ള റേഷനുമായി വാഹനങ്ങള്‍ കാടുകയറും. മൂന്നു ഊരുകളിലും ഇപ്പോള്‍ പട്ടിണിയില്ല. വിശപ്പിന്റെ രക്തസാക്ഷിയായി മധു മാറുമ്പോഴാണ് ഈ വിജയമാതൃകയുടെ പ്രാധാന്യം തിരിച്ചറിയേണ്ടത്

പട്ടിണിയെ തോല്‍പ്പിച്ച കൂട്ടായ്മ

ആദിവാസി ഊരുകളിലെ പട്ടിണി മാറ്റാന്‍ വനം-സിവില്‍ സപ്ലൈസ് വകുപ്പുകള്‍ കൈകോര്‍ത്തു.മേല്‍നോട്ടം വഹിക്കാന്‍ എംഎല്‍എയും. മാസത്തില്‍ രണ്ടുതവണ മൂന്നു ഊരുകളിലേക്കും റേഷന്‍ എത്തിക്കും. വരുന്ന ദിവസം ഊരുനിവാസികളെ നേരത്തേതന്നെ അറിയിക്കും. റേഷനിംഗ് ഇന്‍സ്‌പെക്ടറും ഒപ്പമുണ്ടാകും. റേഷന്‍കടക്കാരന്‍ കൃത്യമായി സാധനങ്ങള്‍ വിതരണം ചെയ്യും. ഊരിലെ അങ്കണവാടിയില്‍ വച്ചാണ് വിതരണം. അരിയും ഗോതമ്പും പഞ്ചസാരയുമുള്‍പ്പെടെ മുപ്പത്തിയാറ് കിലോ റേഷന്‍ സാധനങ്ങള്‍ യഥാര്‍ത്ഥ അവകാശികള്‍ക്ക് ലഭിക്കും.

മന്ത്രി വാക്കുപാലിക്കണം

‘ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍കട’ പദ്ധതി ഉദ്ഘാടനം ചെയ്ത് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞത് ഇത് ഒല്ലൂരില്‍ മാത്രം ഒതുങ്ങില്ലെന്നാണ്. സംസ്ഥാനത്തെ എല്ലാ ആദിവാസി ഊരുകളിലും പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.വാഗ്ദാനം പാലിക്കാത്ത ഏഴ് മാസങ്ങളാണ് കടന്നുപോകുന്നത്. ഏപ്രില്‍ മാസത്തോടെ ഏഴായിരം ഊരുകളില്‍ റേഷന്‍ എത്തിക്കുമെന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. വാഹനങ്ങളുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നതായും മന്ത്രിയുടെ ഓഫീസ് പറയുന്നു. എംഎല്‍എമാരുടെ ഫണ്ടില്‍ നിന്ന് പണം കണ്ടെത്തി പ്രതിസന്ധി മറികടക്കാനാണ് ശ്രമം നടക്കുന്നത്.

ഇല്ലായ്മ മാത്രമല്ല വാര്‍ത്ത

ആദിവാസി ക്ഷേമത്തിനായി അനുവദിച്ച കോടികള്‍ എവിടെപ്പോയെന്ന ചോദ്യം പ്രസക്തമാണ്. ഊരുകളിലെ പട്ടിണി ഇനിയും മാറാനുണ്ട്. ഊരുകളിലെ ഇല്ലായ്മകള്‍ എത്രയും വേഗം പരിഹരിക്കപ്പെടണം.ആദിവാസി ക്ഷേമഫണ്ടില്‍ കൈയിട്ട് വാരിയവരൊക്കെ തുറുങ്കിലാവുകയും വേണം. ഇല്ലായ്മകള്‍ തേടി കാടു കയറുന്നവര്‍ ഒല്ലൂരിലെ ഈ വിജയമാതൃക കൂടി കാണേണ്ടതുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here