നിയമം കുരുക്ക് മുറുക്കി ; നിയമവിരുദ്ധ ‘ദേസീ ഡിജിറ്റൽ’ പൂട്ടി

ചാനൽ വിതരണ രംഗത്ത് നിയമ വിരുദ്ധമായി പ്രവർത്തിച്ചിരുന്ന ഇന്റർനെറ്റ് ടിവി ‘ദേസീ ഡിജിറ്റൽ ദേസീ സ്ട്രീം’ അവരുടെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിച്ചു. ഇവരുടെ അനധികൃതമായ പണപ്പിരിവിനെതിരെ ഉയർന്ന പരാതികളെ തുടർന്ന് നിയമ നടപടികൾ ആരംഭിച്ചിരുന്നു.
നിയമക്കുരുക്കിൽ നിന്നും രക്ഷ തേടിയാണ് അബദ്ധത്തിലെങ്കിലും ഇവരുടെ ‘ഉപഭോക്താക്ക’ളാകേണ്ടിവന്നവർക്ക് ഒരു ഗുഡ് ബൈ മെയിൽ അയച്ച് തടിതപ്പാൻ നോക്കിയത്. എന്നാൽ പ്രവർത്തനം അവസാനിപ്പിച്ചുവെങ്കിലും കോപ്പി റൈറ്റ് ലംഘനം, ചാനലുകളുടെ സിഗ്നൽ മോഷണം, പൊതുജനത്തിന്റെ ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്യൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പേരിൽ ഇവർക്കെതിരെയുള്ള നിയമ നടപടികൾ തുടരും.
ഇന്ത്യയിലെ വിവിധ ഭാഷകളിലെ ടെലിവിഷൻ ചാനലുകൾ, സിനിമകൾ എന്നിവയാണ് അനധികൃതമായി ദേസീ ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിൽ ലഭ്യമാക്കിയിരുന്നത്. ഏറ്റവുമൊടുവിൽ മോഹൻലാലിൻറെ മകൻ പ്രണവ് നായകനായ ആദിയുടെ വ്യാജ പ്രിന്റ് പോലും ദേസീ ഡിജിറ്റൽ പ്രദർശിപ്പിച്ചു. വിവിധ സിനിമ നിർമാണ കമ്പനികൾ , ടെലിവിഷൻ ചാനലുകൾ , ഉപഭോക്താക്കൾ എന്നിവർ സമർപ്പിച്ച വെവ്വേറെ പരാതികളിലാണ് ഇപ്പോൾ നിയമ നടപടികൾ പുരോഗമിക്കുന്നത്.
ഇനിയും മറ്റൊരു രൂപത്തിൽ തിരിച്ചു വരും എന്ന സൂചന നൽകിയാണ് ഉപഭോക്താക്കൾക്ക് ഇവർ അവസാന ഇമെയിൽ സന്ദേശം അയച്ചത്. ഇത്തരം തട്ടിപ്പുകാർക്കെതിരെ കൈക്കൊള്ളേണ്ട നിയമ നടപടികൾ കൂടുതൽ കർശനമാകേണ്ടിയിരിക്കുന്നു. നിയമ വിധയമായും ഉപഭോക്താക്കൾക്ക് ഏറെ ലാഭകരവും ആയ നിലയിൽ പ്രവർത്തിക്കുന്ന യപ്പ് ടി വി ഉൾപ്പെടെയുള്ള സർവീസുകളിലേക്ക് നിരവധിപ്പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ മാറിയത്. നിയമ വിരുദ്ധമായ സർവീസുകളിൽ വരിക്കാരാകുന്നതും പണം നൽകുന്നതും കുറ്റകരമാകുന്ന സാഹചര്യത്തിൽ ആണ് യപ്പിലേക്കുള്ള ഈ ഒഴുക്ക്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here