ഇന്ത്യയ്ക്ക് തോല്‍വി; ആദ്യ ജയം സ്വന്തമാക്കി ആതിഥേയര്‍

ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ആതിഥേയരായ ശ്രീലങ്കയോട് അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്. നിശ്ചിത 20 ഓവറില്‍ ഇന്ത്യ നേടിയ 174 റണ്‍സ് 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മറികടന്നു.
ആദ്യ ബാറ്റ് ചെയ്ത ഇന്ത്യയ്ക്കു വേണ്ടി 49 പന്തുകളില്‍ നിന്ന് 90 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ മാത്രമാണ് ട്വന്റി 20 യുടെ വേഗത്തില്‍ ബാറ്റ് വീശിയത്. മനീഷ് പാണ്ഡെ 35 പന്തുകളില്‍ നിന്ന് 37 റണ്‍സ് നേടിയെങ്കിലും ഇന്ത്യയുടെ റണ്‍റേറ്റ് കൂട്ടാന്‍ പാണ്ഡെക്ക് കഴിഞ്ഞില്ല. റിഷബ് പന്ത് 23 പന്തുകളില്‍ നിന്ന് 23 റണ്‍സ് നേടി. ശ്രീലങ്കക്കുവേണ്ടി ദുഷ്മന്ത ചമീര രണ്ട് വിക്കറ്റുകള്‍ നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ഇന്ത്യയുടെ പരീക്ഷ ടീമിന്റെ ദൗര്‍ബല്യങ്ങളെ കണക്കിന് മൊതലാക്കി. 37 പന്തുകള്‍ നേരിട്ട് 66 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയ കുശാല്‍ പെരേരയാണ് ലങ്കയുടെ വിജയശില്‍പി. വാഷിംങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഇന്ത്യയ്ക്കു വേണ്ടി രണ്ട് വീതം വിക്കറ്റുകള്‍ നേടിയെങ്കിലും അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ആതിഥേയര്‍ വിജയം കൈപിടിയിലാക്കി.
ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്. പരമ്പരയില്‍ വിശ്രമം അനുവദിച്ചതിനാല്‍ കോഹ്‌ലി, എം.എസ്. ധോണി, ബുംറ തുടങ്ങിയ താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തതിന്റെ കുറവ് നികത്താന്‍ മാത്രമുള്ള കഴിവ് രോഹിതിന്റെ കീഴില്‍ അണിനിരന്ന പരിചയസമ്പത്ത് കുറഞ്ഞ താരങ്ങളുടെ നിരയ്ക്ക് ഇല്ലാതെ പോയി എന്നത് ഇന്ത്യയുടെ പരാജയത്തിന് കാരണമായി. റണ്‍സൊന്നും എടുക്കാതെയാണ് രോഹിത് ശര്‍മ പുറത്തായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here