അടുക്കളയില്‍ നിന്നും അരങ്ങിലേക്ക് വരുന്ന സ്ത്രീയെ വീണ്ടും അടുക്കളയിലേക്ക് ഓടിക്കരുത്. പെണ്ണെഴുത്തുകളെ ആരാണ് പേടിക്കുന്നത്?
അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ശബ്ദളൊക്കെയും വെല്ലുവിളികളെ അതിജീവിച്ച് പുറത്ത് വരുന്നുണ്ട്. അവര്‍ അഭിപ്രായം പറയുന്നുണ്ട്. നിലപാട് പ്രഖ്യാപനങ്ങള്‍ നടത്തുന്നുണ്ട്. അതില്‍ പലതും ആണധികാര ഘോഷങ്ങള്‍ക്ക് നേരേയുള്ള ചോദ്യങ്ങളാണ്. അതൊക്കെയും ഏറ്റെടുക്കാനും അവര്‍ക്ക് കൈ അടിക്കാനും പഴയതു പോലെ പുറകിലാരുമില്ലെന്നും കരുതരുത്. വലിയൊരു വിഭാഗം ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. ആ ചോദ്യങ്ങള്‍ക്ക് ശക്തിയും മൂര്‍ച്ചയും കൂടുമ്‌പോള്‍ പിന്‍തിരിഞ്ഞ് നിന്നിട്ട് കാര്യമില്ല. സ്ത്രീകള്‍ അരക്ഷിതരാണ് എന്നല്ല, അരക്ഷിതരായി തുടരാന്‍ സൗകര്യമില്ലെന്നാണ് അവരൊക്കെയും പറയുന്നത്. അത് വെറും അഭിപ്രായമല്ല , അവകാശ പ്രഖ്യാപനമാണ്. സ്ത്രീയെ ബഹുമാനിക്കുന്ന പുരുഷന്മാര്‍ ആ അവകാശ പ്രഖ്യാപനങ്ങളെ എതിര്‍ക്കുകയല്ല, ഞങ്ങളും കൂടെയുണ്ട് എന്ന് പറഞ്ഞ് പിന്തുണ നല്‍കുകയാണ് വേണ്ടത്.
അവര്‍ക്ക് പിന്തുണ നല്‍കാന്‍ സൗകര്യമില്ലെങ്കില്‍ മൗനമായി മാറിയിരിക്കാം. പക്ഷേ ആ പെണ്‍ ശബ്ദങ്ങളെ പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കുകയും കളിയാക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണം. നിങ്ങളത് തുടരുകയാണെങ്കില്‍ ആ ശബ്ദങ്ങളെ നേരിടാന്‍ പോലും ശക്തിയില്ലാത്ത അവരുടെ നിലപാടുകളെയൊക്കെയും ഭയക്കുന്നവര്‍ക്ക് അത്ര നല്ല സ്ഥാനമൊന്നുമാവില്ല വരും തലമുറ കാത്ത് വെച്ചിരിക്കുന്നത്. അവളോടൊപ്പം എന്ന് പറഞ്ഞാല്‍ പെണ്‍ കോന്തനാക്കുന്ന പുരുഷ വീരന്മാരുടെ നാട്ടില്‍ അവള്‍ക്കൊപ്പം എന്ന് തന്നെ ഉറച്ച് പറയാന്‍ നട്ടെല്ല് കാണിച്ച കുറച്ചധികം പേരുണ്ട്. ആ പിന്തുണകളുടെ പ്രതീക്ഷയില്‍ ഈ വനിതാ ദിനം അവള്‍ക്കുള്ളതാണ്. സ്വന്തം തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളൊക്കെയും ഉറക്കെ വിളിച്ചു പറയുന്ന ഓരോ പെണ്ണിനുമുള്ളതാണ്. ശബ്ദം പൊന്തിപ്പോയാല്‍ മോശക്കാരിയാക്കും എന്ന് കരുതി മൗനമായിരിക്കുന്ന ഓരോ പെണ്ണിനും ഉറക്കെ ശബ്ദിക്കാനുള്ള ഊര്‍ജ്ജമായി മാറട്ടെ ഈ വനിതാ ദിനം. ആശംസകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here