ഗൗരി ലങ്കേഷ് വധം; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

ബംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയും സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷ് വധക്കേസിന്‍റെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഹിന്ദു യുവ സേന എന്ന ഹിന്ദുത്വ സംഘടനയുടെ പ്രവര്‍ത്തകനായ കെ ടി നവീന്‍ കുമാര്‍ (37) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്തംബര്‍ 5 നാണ് ഗൗരി സ്വന്തം വസതിക്കു മുന്നില്‍ വെച്ച് കൊല്ലപ്പെട്ടത്. വെടിയുണ്ടകള്‍ കൈവശം വെച്ചതിന് കഴിഞ്ഞ മാസം 18ന് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നുളള ചോദ്യം ചെയ്യലില്‍ ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചുവെന്ന് പൊലീസ് പറഞ്ഞു.
ഗൗരി ലങ്കേഷ് വധത്തില്‍ അറസ്റ്റിലായ ആദ്യ പ്രതിയാണ് നവീന്‍. മാണ്ഡ്യയിലെ മാഢൂര്‍ സ്വദേശിയാണ് ഇയാള്‍. ഹിന്ദു യുവസേന പ്രവര്‍ത്തകനായ നവീനിന് സനാതന്‍ സന്‍സ്ഥയുമായി ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു. കൊലപാതകത്തില്‍ നവീന് പങ്കുള്ളതായി സുഹൃത്തുക്കള്‍ നല്‍കിയ മൊഴിയില്‍ നിന്നുമാണ് പൊലീസിന് വ്യക്തമായത്. നവീന്‍ കുമാറിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ അന്വേഷണസംഘം അനുമതി നേടിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here