മഹാരാഷ്ട്രയില്‍ വന്‍ കര്‍ഷക പ്രക്ഷോഭം

മഹാരാഷ്ട്രയില്‍ കിസാന്‍സഭയുടെ നേതൃത്വത്തില്‍ വന്‍ കര്‍ഷക പ്രക്ഷോഭം. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ സമീപനം തിരുത്തണമെന്നാണ് ആവശ്യം. അരലക്ഷത്തോളം കര്‍ഷകരാണ് കിസാന്‍സഭയുടെ ‘ലോംഗ് മാര്‍ച്ചി’ല്‍ പങ്കെടുക്കുന്നത്.നാസിക്കില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് മറ്റന്നാള്‍ മുംബൈയില്‍ എത്തും. ഇരുന്നൂറ് കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് കര്‍ഷകര്‍ മുംബൈയില്‍ എത്തുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് സെക്രട്ടറിയേറ്റ് ഘെരാവോ ചെയ്യാനാണ് തീരുമാനം.
കര്‍ഷക ആത്മഹത്യകള്‍ വ്യാപകമായ 2016-ല്‍ കിസാന്‍സഭയുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം നടന്നിരുന്നു. പതിനൊന്ന് ദിവസം തുടര്‍ച്ചയായി നടന്ന സമരത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഉറപ്പുകള്‍ ഒന്നും പാലിക്കപ്പെട്ടില്ല. ഇതിനെ തുടര്‍ന്നാണ് വീണ്ടും സമരം തുടങ്ങിയതെന്ന് കിസാന്‍സഭാ നേതാക്കള്‍ അറിയിച്ചു.
2017 -ല്‍ മാത്രം 2414 കര്‍ഷക ആത്മഹത്യകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.കര്‍ഷകര്‍ക്ക് അനുകൂലമായ ഒരു നിലപാടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുമില്ല.കുത്തകകളെ സഹായിക്കുന്ന ബിജെപി സര്‍ക്കാര്‍ തങ്ങളെ അവഗണിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.
കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍
1.വനാവകാശ നിയമം നടപ്പിലാക്കുക
2.വിള നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക
3.വിളകള്‍ക്ക് കൃത്യമായ താങ്ങുവില അനുവദിക്കുക
4.എം എസ് സ്വാമിനാഥന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുക
5.നദീസംയോജന പദ്ധതികള്‍ നടപ്പിലാക്കി വരള്‍ച്ചയ്ക്ക് പരിഹാരം കാണുക
6.കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here