ഇത് രേവതിയുടെ കുഞ്ഞ്; ഐവിഎഫിലൂടെ പിറന്ന കുഞ്ഞിന്റെ വിശേഷം ആദ്യമായി പങ്കുവച്ച് രേവതി

നടി രേവതിയ്ക്ക് ഒരു കുഞ്ഞ് ഉണ്ട്, പേര് മഹി. നാല് വയസ്. ജീവിതത്തിലെ അധികം ആരും അറിയാത്ത ആ രഹസ്യം രേവതി ഇപ്പോള്‍ പങ്കുവച്ചിരിക്കുകാണ്. പാരന്റ് സര്‍ക്കിള്‍ എന്ന പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അമ്മ ജീവിതത്തെ കുറിച്ച് രേവതി വ്യക്തമാക്കിയത്.
ഭര്‍ത്താവ് സുരേഷ് മേനോനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് രേവതി ഐവിഎഫ് ചികിത്സയിലൂടെ ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. ഒരു കുഞ്ഞിനെ ദത്തെടുക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ അത് നടന്നില്ല. അതിന് ശേഷമാണ് ഒരു ഡോണറുടെ സഹായത്തോടെ ഐവിഎഫ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് രേവതി പറയുന്നു.ഈ ലോകത്തേക്കുള്ള അവളുടെ വരവിനെ എങ്ങനെയാണ് അവള്‍ സ്വീകരിക്കുക എന്ന് അറിയില്ല, ഇത് എന്റെ സ്വാര്‍ത്ഥയാണോ എന്നും അറിയില്ല. എങ്കിലും അവളോട് സത്യം പറയും. അവള്‍ വളര്‍ന്ന് വരുമ്പോള്‍ എനിക്ക് അവള്‍ക്ക് കൊടുക്കാനുള്ള ഉത്തരം എനിക്ക് ലഭിക്കും. ഒരു കുഞ്ഞ് വേണമെന്നത് എന്റെ ആഗ്രഹമായിരുന്നു. വേണം എന്ന് തോന്നിയപ്പോള്‍ നടന്നില്ല. നടന്നപ്പോള്‍ ഏറെ വൈകിപ്പോയി.
ജീവിതത്തില്‍ അമ്മയാകുന്നതും അമ്മയായി അഭിനയിക്കുന്നതും രണ്ടും രണ്ടാണ്. മഹിയുടെ അമ്മയായത് എനിക്ക് ഒരു പുനര്‍ജ്ജന്മം പോലെയാണ്. ഒട്ടും എളുപ്പമല്ല അത്. എന്റെ റോള്‍ തന്നെ മാറ്റി മറിച്ചാണ് മഹിയുടെ ജനനം. ഞങ്ങള്‍ ഒരുമിച്ച് കിടന്ന് ഉറങ്ങുമ്പോള്‍ അവള്‍ കൈ വച്ച് എന്നെ പരതി നോക്കും. എന്നിട്ട് എന്നെ കെട്ടിപിടിയ്ക്കും, അമ്മയെന്ന നിലയില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്ന നിമിഷമാണത്. ഒറ്റയ്ക്ക് മകളെ വളര്‍ത്തുന്നതിന്റെ പ്രയാസങ്ങള്‍ ഉണ്ട്. അവളുടെ കൂട്ടുകാര്‍ അച്ഛനെവിടെ എന്ന് ചോദിക്കുമ്പോള്‍ അവള്‍ പറയുന്നത് എനിക്ക് ഡാഡി താത്ത ഉണ്ടെന്നാണ്. എന്റെ അച്ഛനെയാണ് അവള്‍ അങ്ങനെ വിളിക്കുന്നത്. എന്റെ അമ്മയും അച്ഛനും അനിയത്തിയും എനിക്കൊപ്പമുണ്ട്. മഹിയെ വളര്‍ത്താന്‍ അവരാണെനിക്ക് സപ്പോര്‍ട്ട് തരുന്നത്. അവരെല്ലാം മഹിയെ മകളെപോലെയാണ് കാണുന്നത്.
കുട്ടിയുടെ ജനനശേഷം പൊതു പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്ന രേവതി അച്ഛനമ്മമാരോടൊപ്പം ചെന്നൈയിലാണ് താമസിക്കുന്നത്. അഴക് എന്ന തമിഴ് പരമ്പരയില്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ട്. ചിലപ്പോഴൊക്കെ കുട്ടിയുടെ ആരോഗ്യം, വിദ്യാഭ്യാസം പോലുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഒരാള്‍ കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ടെന്നും രേവതി പറയുന്നു. മകളെ ഒരിക്കലും ജഡ്ജ് ചെയ്യാത്ത അമ്മയായിരിക്കും താനെന്നും പാരന്റ് സര്‍ക്കിള്‍.കോമിന് നല്‍കിയ അഭിമുഖത്തില്‍ രേവതി പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here