സഭയ്ക്ക് കനത്ത സാമ്പത്തിക നഷ്ടം; കര്‍ദ്ദിനാളിനെതിരായ എഫ്‌ഐആര്‍ രേഖകള്‍ പുറത്ത്

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസില്‍ ഒന്നാം പ്രതിയായ കര്‍ദ്ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരായ എഫ്‌ഐആര്‍ രേഖകള്‍ പുറത്ത്. അതിരൂപതയുടെ ഭൂമിയിടപാട് സീറോ മലബാര്‍ സഭക്ക് കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും അതില്‍ കര്‍ദ്ദിനാളിന് വലിയ ഉത്തരവാദിത്വമുണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നു. 27 കോടി രൂപയ്ക്ക് കച്ചവടം നടക്കേണ്ട ഭൂമി അതിരൂപത വിറ്റിരിക്കുന്നത് 13.5 കോടിക്കാണ്. ഇതുവഴി അതിരൂപതക്കും സീറോ മലബാര്‍ സഭയ്ക്കും 14 കോടി രൂപയുടെ ഭീമമായ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അതില്‍ പൂര്‍ണ്ണ ഉത്തരവാദിത്വം അതിരൂപതയുടെ അധ്യക്ഷനായ കര്‍ദ്ദിനാളിന് തന്നെയാണെന്നും എഫ്‌ഐആറില്‍ പറയുന്നു. കര്‍ദ്ദിനാളിന്റെ ഒപ്പ് ഇല്ലാതെ ഇത്തരത്തിലൊരു കച്ചവടം നടക്കില്ല എന്നതും പ്രശ്‌നങ്ങളുടെ ആക്കം കൂട്ടുന്നു.
ഇതോടെ സഭ കൂടുതല്‍ പ്രതിസന്ധിയിലാകുകയാണ്. ഇത്തരം വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ സീറോ മലബാര്‍ സഭയുടെ സമ്പൂര്‍ണ്ണ സിനഡ് ഉടന്‍ ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ കൂടേണ്ടിയിരുന്ന സമ്പൂര്‍ണ്ണ സിനഡ് അടുത്ത രണ്ടാഴ്ചക്കുള്ളില്‍ ചേരാനാണ് സഭാ നേതൃത്വത്തിന്റെ തീരുമാനം. സഭയിലെ എല്ലാ മെത്രാന്‍മാരും പങ്കെടുക്കുന്ന സിനഡില്‍ കര്‍ദ്ദിനാളിന്റെ പദവിയും അധികാരവും ചോദ്യം ചെയ്യപ്പെട്ടേക്കാം. വിശ്വാസവഞ്ചന, ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ക്രിമിനല്‍ കുറ്റത്തിലാണ് കര്‍ദ്ദിനാളിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. ക്രിമിനല്‍ കുറ്റമായതിനാല്‍ കര്‍ദ്ദിനാളിനെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന അഭിപ്രായത്തിലാണ് ഭൂരിഭാഗം വൈദികരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here