സംസ്ഥാനത്തെ 90 ശതമാനം വാഹനാപകട കേസുകളിലെയും അന്വേഷണം സത്യസന്ധമല്ലെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ 90 ശതമാനം വാഹനാപകട കേസുകളിലെയും അന്വേഷണം സത്യസന്ധമല്ലെന്ന് ഹൈക്കോടതി. കേസുകളില്‍ പൊതുവില്‍ വാദിയാണ് പോലിസ് ഇടപെടല്‍ മൂലം പ്രതിയാവുകയെന്നും സിംഗിള്‍ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു. മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറിയിടിച്ച് കാര്‍ യാത്രികന്‍ മരിച്ച സംഭവത്തിലെ അന്വേഷണത്തില്‍ പോലിസ് വീഴ്ച്ച വരുത്തിയെന്ന് ആരോപിച്ച് മരിച്ചയാളുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. മലപ്പുറം ചങ്ങരംകുളം പോലിസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന കാളച്ചാലില്‍ വെച്ച് 2017 ഡിസംബര്‍ 31ന് ഉണ്ടായ അപകടത്തില്‍ തോമസ് എം കാപ്പന്‍ എന്ന യുവാവ് മരിച്ചിരുന്നു. ഇതില്‍ പോലിസ് കേസെടുത്തത് തോമസ് എം കാപ്പന് തന്നെ എതിരായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പിതാവ് കാഞ്ഞങ്ങാട് സ്വദേശി മാനുവല്‍ തോമസ് കാപ്പന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ചങ്ങരംകുളം എസ്‌ഐ കെ പി മനേഷിനെ കോടതി വിളിച്ചുവരുത്തി. കേസ് ഡയറി പരിശോധിച്ച കോടതി, വാഹനത്തിന്റെ ടയറിന്റെ അടയാളം, മഹസര്‍, കാറിലുണ്ടായിരുന്നവരുടെ മൊഴി എന്നിവയൊന്നും ഇല്ലെന്ന് നിരീക്ഷിച്ചു. ഈ കേസില്‍ സത്യസന്ധമായ അന്വേഷണമല്ല നടന്നിരിക്കുന്നതെന്ന പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി കോടതി പറഞ്ഞു. പോലിസ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ വന്ന് കള്ളം പറയരുത്. ഇട്ടിരിക്കുന്ന കുപ്പായത്തോട് അവര്‍ നീതി പുലര്‍ത്തണം. ഇത്തരത്തിലുള്ള പ്രവണതകളെ മുളയിലേ നുള്ളേണ്ടതുണ്ട്. കേരളത്തിലെ 90 ശതമാനം വാഹനാപകട കേസുകളിലെയും അന്വേഷണം സത്യസന്ധമല്ലെന്നാണ് തന്റെ ഇത്രയും | കാലത്തെ അനുഭവം പഠിപ്പിച്ചതെന്നും കോടതി വാക്കാല്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here