അധികാരത്തിലുണ്ടെന്ന് കരുതി വികസനം കെട്ടി നിര്‍ത്താന്‍ സാധിക്കില്ല; മുഖ്യമന്ത്രി

Pinarayi Vijayan

കീഴാറ്റൂരില്‍ ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിനെതിരെ നടക്കുന്ന വയല്‍കിളികളുടെ സമരത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കീഴാറ്റൂരിലൂടെ മാത്രമേ നിര്‍ദിഷ്ട ബൈപ്പാസ് റോഡ് നിര്‍മ്മിക്കാന്‍ സാധിക്കൂവെന്ന് മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു. കീഴാറ്റൂരിന് ബദലായി മറ്റൊരു സ്ഥലമോ പാതയോ കണ്ടെത്താനോ നിര്‍ദ്ദേശിക്കാനോ സമരക്കാര്‍ക്ക് സാധിച്ചിട്ടില്ല. ഭരണത്തിലിരിക്കുന്നത് സിപിഎം മന്ത്രിമാരാണെന്ന് കരുതി വികസനം കെട്ടി നിര്‍ത്താനോ വികസന വിരോധികളാകാനോ സര്‍ക്കാരിന് സാധിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കീഴാറ്റൂരില്‍ സമരം നടത്തുന്നത് സിപിഎം അംഗങ്ങളാണെന്ന് കരുതി എല്ലാം അവര്‍ പറയുന്നത് പോലെ അനുസരിക്കണമെന്നാണോ പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. സ്ഥലം വിട്ടുനല്‍കേണ്ടത് 60 പേരാണ്. 60ല്‍ 56 പേരും സ്ഥലം വിട്ടുനല്‍കുന്നതിന് തയ്യാറായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബൈപ്പാസ് നാ
ടിന്റെ ആവശ്യമാണെന്നും സര്‍ക്കാര്‍ കൃഷിക്കാര്‍ക്കൊപ്പമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വികസനത്തിന് തടസ്സം നില്‍ക്കുന്നവര്‍ നാട്ടിലുണ്ടെന്നും ഭരണപക്ഷം പ്രതിപക്ഷം എന്ന് കാണിക്കാതെ വികസന പദ്ധതികളില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചു.

അതേസമയം അധികാരത്തിന്‍റെ പുഷ്പക വിമാനത്തില്‍ പറന്നിറങ്ങിയ പത്ത് തലയുള്ള രാവണനെയാണ് കീഴാറ്റൂരില്‍ കണ്ടതെന്ന് വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടു വന്ന വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. അധികാരം ഉപയോഗിച്ച് വീണ്ടും സിംഗൂര്‍ ആവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ അതനുവദിക്കില്ല. മുന്‍പ് ബൈപ്പാസുമായി ബന്ധപ്പെട്ട അലൈന്‍മെന്‍റ തയ്യാറാക്കാനും സര്‍വേയ്ക്കുമായി വന്ന ഉദ്യോഗസ്ഥരെ തടഞ്ഞത് സിപിഎം പ്രവര്‍ത്തകരായിരുന്നുവെന്നും എന്നാല്‍ ഇന്ന് അവരെ പോലും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സിപിഎമ്മിനോ ഈ സര്‍ക്കാരിനോ സാധിക്കുന്നില്ലെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top