കൊളീജിയം ശുപാർശ ചെയ്ത അഭിഭാഷകരേക്കുറിച്ച് ഇന്റലിജൻസ് ബ്യൂറോ അന്വേഷണം

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനായി കൊളീജിയം ശുപാർശ ചെയ്ത അഭിഭാഷകരേക്കുറിച്ച് ഇന്റലിജൻസ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി കൊളീജിയത്തിന്റെ ശുപാർശ സുപ്രീം കോടതി കൊളീജിയത്തിനു ലഭിച്ചതിനു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐബിയുടെ റിപ്പോർട്ട് തേടിയത് . കൊളീജിയം ശുപാർശ ചെയ്തവരിൽ 5 അഭിഭാഷകർ ഹൈക്കോടതിയിലേയും സുപ്രീം കോടതിയിലേയും ജഡ്ജിമാരുടെ ബന്ധുക്കളോ, ഇവരുമായി ബന്ധമുള്ളവരോ ആണെന്ന് ആരോപണമുയരുകയും പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് വരുകയും ചെയ്ത പശ്ചാത്തലത്തിൽ ഐബി റിപോർട്ട് ഇത്തവണ നിയമനത്തിൽ നിർണായകമാവുമെന്നാണ് സൂചനകൾ.
ഹൈക്കോടതികളിലേയും സുപ്രീം കോടതിയിലേയും ജഡ്ജിമാരുടേയും നിയമനം ജഡ്ജിമാർ തന്നെ നടത്തുന്നത് സുതാര്യമല്ലന്ന് കണ്ട്, നിയമനത്തിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ദേശീയ ജൂഡീഷ്യൽ കമ്മീഷൻ നിയമം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എൻ ജെ സി എ റദ്ദാക്കപ്പെട്ട ശേഷം വരുന്ന വിവാദ ശുപാർശകളിൽ ആദ്യത്തേതാണ് കേരളത്തിൽ നിന്നുള്ളത്.
കൊളീജിയം 7 അഭിഭാഷകരെയാണ് ശുപാർശ ചെയ്തത് . ഇവരിൽ വിജു എബ്രഹാം , ജോർജ് വറുഗീസ്, വി ജി അരുൺ ,പി ഗോപാൽ ,എസ് രമേഷ് എന്നിവർക്കെതിരെയാണ് ബന്ധു ആരോപണം ഉയർന്നിട്ടുള്ളത് . എൻ.നഗരേഷ് .പി വികുഞ്ഞികൃഷ്ണൻ എന്നിവരാണ് പട്ടികയിലെ മറ്റു രണ്ടു പേർ.
കൊളീജിയം ശുപാർശ ചെയ്ത 7 പേർക്ക് പുറമേ മറ്റുരണ്ട് അഭിഭാഷകരേക്കുറിച്ചു കുടി ഐബി റിപ്പോർട്ട് തേടിയിട്ടുണ്ട് , ടിവി അനിൽകുമാർ, എൻ അനിൽകുമാർ എന്നിവരാണ് ആ മറ്റു രണ്ടു പേർ. 7 പേരുടെ പട്ടികക്ക് പിന്നാലെ ഹൈക്കോടതി കൊളീജിയം മറ്റൊരു അഭിഭാഷകന്റ പേരും സുപ്രീം കോടതി കൊളീജിയത്തിനു ശുപാർശ ചെയ്തിട്ടുണ്ട്. ഒരു മുൻ ചീഫ് ജസ്റ്റീസിന്റെ ബന്ധുവാണ് ഇദ്ദേഹം. എന്നാൽ ഐ ബി റിപോർട്ട് തേടിയവരിൽ ഇദ്ദേഹത്തിന്റെ പേരില്ല, ഐ ബി യുടെ റിപ്പോർട് ആദ്യന്തര മന്ത്രാലയം സുപ്രീം കോടതി കൊളീജിയത്തിനും നിയമമന്ത്രാലയത്തിനും കൈമാറും.
റിപോർട്ട് പരിഗണിച്ച ശേഷമാവും സുപ്രീം കോടതി കൊളീജിയം അന്തിമ പട്ടിക കേന്ദ്ര സർക്കാരിനു കൈമാറുക , ജഡ്ജി നിയമനത്തിൽ ഐ ബി റിപോർട്ട് ഒരു സാധാരണ നടപടിക്രമം മാത്രമാണങ്കിലും വിവാദവും കേസും ഉയർന്ന സാഹചര്യത്തിൽ ഇത്തവണ നിർണായകമാവുമെന്നാണ് വിലയിരുത്തൽ.
നേരത്തെ കൊളീജിയം ശുപാർശ ചെയ്ത അഭിഭാഷകർ ജഡ്ജിമാരുടെ ബന്ധുക്കളാണെന്നാരോപിച്ച് അഭിഭാഷകൻ സിജെ ജോവ്‌സണും, സാബു പദ്മയും പെറ്റീഷൻ നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here