സിനിമയിൽ അഭിനയിച്ചതിന് ലഭിച്ചത് തുച്ഛമായ പ്രതിഫലം മാത്രം; ഇത് വംശീയ വിവേചനമെന്ന് വിശ്വസിക്കുന്നു : സുഡാനി ഫ്രം നൈജീരിയ അഭിനേതാവ്

സുഡാനി ഫ്രം നൈജീരിയയിൽ അഭിനയിച്ചതിന് തനിക്ക് തന്ന പ്രതിഫലം 180,000 രൂപ മാത്രമെന്ന് വെളിപ്പെടുത്തി സാമുവൽ അബിയോള റോബിൻസൺ. ഫേസ്ബുക്ക് ലൈവിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. വിമാന യാത്രയടക്കമുള്ള ചിലവ കഴിച്ച് ഒരു ലക്ഷം രൂപയാണ് അടിസഥാന ശമ്പളമായി നൽകിയതെന്നും സാമുവൽ പറഞ്ഞു.
വളരെ കുറഞ്ഞ ബജറ്റിൽ നിർമിക്കുന്ന ചെറിയ ചിത്രമാണെന്ന് കരുതിയാണ് താൻ സുഡാനിയിൽ കുറഞ്ഞ പ്രതിഫലം വാങ്ങി അഭിനയിച്ചത്.കേരളത്തിൽ മാത്രം റിലീസ് ചെയ്യുന്ന ചിത്രമാണെന്നാണ് കരുതിയത്. എന്നാൽ കുഴപ്പമല്ലാത്ത ബജറ്റിൽ നിർമിച്ച് ആഫ്രിക്ക, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലടക്കം റിലീസ് ചെയ്യാൻ പോകുന്ന സിനിമയാണെന്ന് അറിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
സിനിമ വിജയമായാൽ കൂടുതൽ പണം നൽകാമെന്ന് നിർമാതാക്കൾ തന്നോട് പറഞ്ഞിരുന്നു. പക്ഷെ പണം ലഭിച്ചില്ലെന്നും തനിക്ക് നാണക്കേടും ലജ്ജയും തോന്നുന്നുവെന്നും സാമുവൽ പറഞ്ഞു. ഇതു വംശീയ വിവേചനമാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും അല്ലെങ്കിൽ മലയാളത്തിലെ മറ്റു യുവതാരങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം എന്തു കൊണ്ട് തനിക്ക് ലഭിച്ചില്ലെന്നും സാമുവൽ ചോദിച്ചു.
നിർമാതാക്കൾ അവരുടെ വാക്ക് പാലിക്കുമെന്നാണ് കരുതുന്നതെന്നു അവരോട് ഇതെകുറിച്ച് സംസാരിക്കാൻ ശ്രമിച്ചപ്പോൾ അവർ പ്രതികരിച്ചില്ലെന്നും അതുകൊണ്ടാണ് പൊതുസ്ഥലത്ത് ഇങ്ങനെ പറയേണ്ടി വന്നതെന്നും സാമുവൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here