മാനേജുമെന്റുകളെ തള്ളി ഹൈക്കോടതി; നഴ്‌സുമാരുടെ ശമ്പളത്തില്‍ അന്തിമ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് അനുമതി

nurses kerala

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തില്‍ സര്‍ക്കാരിന് അന്തിമ വിജ്ഞാപനം ഇറക്കാം. അന്തിമ വിജ്ഞാപനമിറക്കാന്‍ സര്‍ക്കാരിന് അനുവാദമുണ്ടെന്ന് കോടതി പറഞ്ഞു. വിജ്ഞാപനം തടയണമെന്ന മാനേജുമെന്‍റുകളുടെ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി. സർക്കാർ വിജ്ഞാപനം ഇറക്കുന്നതിൽ സംശയമോ പ്രശ്നമോ ഉണ്ടെങ്കിൽ മാത്രം മാനേജുമെന്‍റുകൾക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഇതോടെ, നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ച് സര്‍ക്കാരിന് പുതിയ വിജ്ഞാപനം ഇറക്കാം. മിനിമം ശമ്പളത്തില്‍ വര്‍ധനവ് ഉണ്ടാകും. ശമ്പള പരിഷ്‌കരണത്തില്‍ സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കുന്നതിനെതിരെ നിലനിന്നിരുന്ന സ്റ്റേ ഹൈക്കോടതി റദ്ദാക്കി. ഒപ്പം, മാനേജുമെന്റുകളുടെ ഹര്‍ജികളും ഹൈക്കോടതി തള്ളി കളഞ്ഞിട്ടുണ്ട്. ഇതോടെ, സര്‍ക്കാര്‍ എത്രയും വേഗത്തില്‍ മിനിമം വേതനത്തില്‍ വര്‍ധനവ് കാണിച്ച് നഴ്‌സുമാര്‍ക്ക് അനുകൂലമായ രീതിയില്‍ വിജ്ഞാപനം ഇറക്കാനാണ് സാധ്യത. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്‌സുമാര്‍ ആശുപത്രി മാനേജുമെന്റുകള്‍ക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതിനിടെയാണ് നഴ്‌സുമാര്‍ക്ക് അനുകൂലമായി ഹൈക്കോടതി നിലപാട് സ്വീകരിച്ചിരിക്കുന്നത്.

നേരത്തേ നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച അന്തിമ വിജ്ഞാപനം ഇറക്കുന്നതു തടഞ്ഞിരുന്ന ഹൈക്കോടതി അനുരഞ്ജനത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണാനാണ് നിർദേശിച്ചിരുന്നത്. എന്നാൽ ഇതിനു ശേഷം ഒരു സമവായവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് അന്തിമ വിജ്ഞാപനം ഇറക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്. സർക്കാർ നിശ്ചയിച്ച മിനിമം വേതനം നൽകാനാവില്ലെന്നാണ് മാനേജുമെന്‍റുകളുടെ നിലപാട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top