‘ആദ്യം ഞങ്ങള്‍ക്ക് ജോലി തരൂ, എന്നിട്ടാകാം വോട്ട്’; മോദിക്ക് മുന്നറിയിപ്പുമായി യുവാക്കള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങി തുടങ്ങിയ വേളയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശക്തമായ മുന്നറിയിപ്പുമായി ഒരു കൂട്ടം യുവാക്കള്‍ രംഗത്ത്. അധികാരത്തിലേറുമ്പോള്‍ നിങ്ങള്‍ വാഗ്ദാനം ചെയ്ത തൊഴില്‍ അവസരങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കൂ, എന്നിട്ടാകാം വോട്ട് എന്നാണ് ഒരു കൂട്ടം യുവാക്കള്‍ മോദിയോട് പറഞ്ഞത്. രാജസ്ഥാനിലെ ബോണ്‍ലി നഗരവാസികളായ യുവാക്കളാണ് റോയിട്ടേഴ്‌സ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മോദിയുടെ ഭരണത്തെ കടന്നാക്രമിച്ചിരിക്കുന്നത്. രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ തൊഴില്‍ തേടുന്ന യുവാക്കള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ജനങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. ജോലികള്‍ ലഭിക്കുമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് യുവാക്കള്‍ മോദിക്ക് വോട്ട് ചെയ്‌തെന്നും, എന്നാല്‍ വാക്ക് പാലിക്കാന്‍ ഭരണകൂടത്തിനായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. 2014ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണവേളയില്‍ ഒരു കോടി തൊഴില്‍ അവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുമെന്നായിരുന്നു മോദി നടത്തിയ വാഗ്ദാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here