മെഡിക്കല്‍ ബില്‍ തിരിച്ചയച്ചതില്‍ ഗവര്‍ണറോട് വിയോജിപ്പില്ല; സര്‍ക്കാര്‍

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പ്രവേശനവുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ മെഡിക്കല്‍ ബില്‍ ഗവര്‍ണര്‍ അംഗീകരിക്കാതെ തിരിച്ചയച്ചതില്‍ സര്‍ക്കാരിന് വിയോജിപ്പില്ലെന്ന് നിയമമന്ത്രി എ.കെ. ബാലന്‍. ഗവര്‍ണര്‍ കൈക്കൊണ്ടത് ഭരണഘടനാപരമായ നിലപാടാണ്. അത് സര്‍ക്കാര്‍ അംഗീകരിക്കുന്നു. പ്രവേശനം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് ബില്‍ കൊണ്ടുവന്നത്. ബില്‍ കൊണ്ടുവന്നതില്‍ നിയമപരമായ പിഴവ് ഇല്ലെന്നും മന്ത്രി എ.കെ. ബാലന്‍ കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണറുടെ നിലപാട് അംഗീകരിക്കുന്നുവെന്നും ഗവര്‍ണറുടെ നിലപാടിനെതിരെ നിയമയുദ്ധത്തിനില്ലെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു. കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളിലെ ചട്ടവിരുദ്ധ പ്രവേശനത്തിന് നിയമസാധുത നല്‍കുന്ന തരത്തില്‍ സര്‍ക്കാര്‍ നിയമസഭയില്‍ മെഡിക്കല്‍ ബില്‍ അവതരിപ്പിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ യോജിപ്പോടെ സഭയില്‍ ബില്‍ പാസാക്കുകയും ചെയ്തു. എന്നാല്‍, അതിന് പിന്നാലെയാണ് കോളേജുകളിലെ ചട്ടവിരുദ്ധ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന വിധിയോടെ സര്‍ക്കാരിന്റെ നിലപാടിനെ സുപ്രീം കോടതി തള്ളികളഞ്ഞത്. ബില്‍ നിയമസഭ അംഗീകരിച്ചതായതിനാല്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചു. എന്നാല്‍, ബില്‍ നിലനില്‍ക്കില്ലെന്ന് നിയമോപദേശം ലഭിച്ചതിനാല്‍ ഗവര്‍മര്‍ ബില്‍ ഒപ്പിടാതെ തിരിച്ചയക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top