Advertisement

രണ്ടാം വരവ് ആഘോഷമാക്കി ചെന്നൈ രാജാക്കന്‍മാര്‍

April 8, 2018
1 minute Read

ഐപിഎല്‍ 11-ാം എഡിഷന്റെ ആദ്യ മത്സരത്തില്‍ തന്നെ രണ്ടാം വരവ് ആഘോഷമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകത്തില്‍ വെച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരാജയപ്പെടുത്തിയത് ഒരു പന്ത് മാത്രം ശേഷിക്കേയായിരുന്നു. ആവേശം അവസാനം വരെ അലയടിച്ച മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനായിരുന്നു വിജയസാധ്യതകള്‍. എന്നാല്‍ കരീബിയന്‍ താരം ഡ്വയ്ന്‍ ബ്രാവോയുടെ കലക്കന്‍ ഇന്നിംഗ്‌സ് ചെന്നൈ സൂപ്പര്‍ കിംഗിസിന് അപ്രതീക്ഷിത വിജയം സമ്മാനിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 19.5 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 118 റണ്‍സിന് എട്ട് വിക്കറ്റ് നഷ്ടപ്പെട്ട നിലയില്‍ പരാജത്തിലേക്ക് നീങ്ങിയ ചെന്നൈ സൂപ്പര്‍ കിംസിന് വേണ്ടി ബ്രാവോ 68 റണ്‍സ് നേടി. 30 പന്തുകളില്‍ നിന്ന് 7 സിക്‌സറും 3 ഫോറുകളും പറത്തിയ ബ്രാവോ അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് മഞ്ഞപ്പടയെ വിജയിപ്പിച്ചത്. ചെന്നൈക്കു വേണ്ടി കേദാര്‍ ജാദവ് 24 റണ്‍സും അബാട്ടി റായിഡു 22 റണ്‍സും നേടി.

ഹാര്‍ദിക് പാണ്ഡ്യ, മായാങ്ക് മാര്‍കണ്ഡെ എന്നിവര്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി മൂന്ന് വീതം വിക്കറ്റുകള്‍ നേടി. ഇരുവരുടെയും മികച്ച ബോളിംഗ് പ്രകടനം ഒരു സമയത്ത് മുംബൈ ഇന്ത്യന്‍സിന് വിജയപ്രതീക്ഷ നല്‍കിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിനു വേണ്ടി സൂര്യകുമാര്‍ യാദവ് 43 റണ്‍സും ഇഷാന്‍ കിഷന്‍ 40 റണ്‍സും നേടി ടോപ് സ്‌കോറര്‍മാരായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top