യാത്രക്കാരന്‍ അപമര്യാദയായി പെരുമാറി; ഒടുവില്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

അപമര്യാദയായി പെരുമാറിയ യാത്രക്കാരനെ ഇൻഡിഗോ വിമാനത്തിൽനിന്ന് പുറത്താക്കി. ലക്നോവിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരനായ സൗരഭ് റായിയെയാണ് വിമാന അധികൃതർ പുറത്താക്കിയത്. വിമാനത്തിനുള്ളിൽ കൊതുകുകൾ ഉണ്ടെന്നു പറഞ്ഞ് ബഹളം വച്ച ഇയാൾ മറ്റ് യാത്രക്കാരെ ശല്യപ്പെടുത്തുകയും വിമാനം ഹൈജാക്ക് ചെയ്തെന്ന് പറയുകയും ചെയ്തതോടെയാണ് അധികൃതർ ഇയാളെ പുറത്താക്കിയത്.
മറ്റ് യാത്രക്കാരുടെയും വിമാനത്തിന്‍റെയും സുരക്ഷ മുൻ നിർത്തിയാണ് നടപടിയെന്ന് പൈലറ്റ് ഇൻ കമാൻഡ് അടക്കമുള്ള അധികൃതർ വ്യക്തമാക്കി. ലക്നൗവിൽ നിന്ന് വിമാനം പറന്നുയരുന്നതിനു മുന്‍പാണ് സംഭവം.
അതേസമയം വിമാനത്തിലെ ജീവനക്കാർ തന്നെ കൈയേറ്റം ചെയ്തെന്ന് സൗരഭ് റായ് ആരോപിച്ചു. വിമാനത്തിനുള്ളിൽ കൊതുകുകൾ ഉണ്ടെന്ന് പരാതിപ്പെടുക മാത്രമാണ് താൻ ചെയ്തതെന്നും ഇതിനാണ് തന്നെ പുറത്താക്കിയതെന്നും പറഞ്ഞ സൗരഭ് ജീവനക്കാർ തന്നെ ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here