ഇന്ത്യൻ പട്ടാളക്കാർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്; പ്രതിരോധ മന്ത്രാലയം കരാറിൽ ഒപ്പുവെച്ചു

ഇന്ത്യൻ പട്ടാളക്കാർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ലഭിക്കുന്നു. കരസേനയ്ക്ക് 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം ഒരു നിർമ്മാണ കമ്പനിയുമായി കരാറൊപ്പിട്ടു. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതി പ്രകാരമാണ് കരാർ. നീണ്ട ഒൻപത് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്.
ഡൽഹി ആസ്ഥാനമായുള്ള എസ് എം പി പി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ജാക്കറ്റുകൾ നിർമിക്കുക. 639 കോടിയാണ് ചെലവ്. മൂന്ന് വർഷത്തിനകം ജാക്കറ്റുകൾ വിതരണം ചെയ്യും. ബാലിസ്റ്റിക് സംരക്ഷണത്തിനുള്ള ബോറോൺ കാർബൈഡ് സെറാമിക് ജാക്കറ്റിലുണ്ടാകും. ഒപ്പം ഹാർഡ് സ്റ്റീൽ കോർ ബുള്ളറ്റുകളിൽ നിന്നടക്കം സംരക്ഷണം നൽകാൻ ഈ ജാക്കറ്റുകൾക്ക് കഴിയും.
2009ൽ സൈന്യത്തിന്റെ നിർദ്ദേശത്തിന് സർക്കാർ അംഗീകാരം നൽകിയിരുന്നു. എന്നാൽ സൈന്യം നടത്തിയ പരീക്ഷണങ്ങളിൽ ഒരു നിർമാണ കമ്പനിക്കും വിജയിക്കാനാകാത്തതിനാൽ ഇത് നീണ്ടുപോകുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here