‘തല പഴയ തല’യല്ല; ധോണിയുടെ ഇന്നിംഗ്‌സില്‍ നിരാശയോടെ ചെന്നൈ ആരാധകര്‍

ഐപിഎല്ലില്‍ ഇന്നലെ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടത്തില്‍ ചെന്നൈ വിജയിച്ചെങ്കിലും ആരാധകര്‍ വലിയ സങ്കടത്തിലാണ്. ടീമിന്റെ നെടുംതൂണായ നായകന്‍ ബാറ്റിംഗില്‍ ആരാധകര്‍ പ്രതീക്ഷിച്ച പോലെ ഉയര്‍ന്നിട്ടില്ലെന്നത് അവരെ ഏറെ നിരാശപ്പെടുത്തുന്നുണ്ട്. ഇന്നലെ നടന്ന മത്സരത്തില്‍ നിര്‍ണായക സമയത്താണ് ക്യാപ്റ്റന്‍ ധോണി കളത്തിലിറങ്ങിയത്. എന്നാല്‍, പ്രതീക്ഷക്കൊത്ത് ഉയരാന്‍ ധോണിക്ക് സാധിച്ചില്ല. 25 റണ്‍സ് നേടാന്‍ ധോണി നേരിട്ടത് 28 പന്തുകളാണ്. റണ്‍റേറ്റ് ഉയരേണ്ട സാഹചര്യത്തിലായിരുന്നു ധോണിയുടെ ഇഴഞ്ഞുനീങ്ങിയ ട്വന്റി-20 ഇന്നിംഗ്‌സ്. മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മത്സരത്തിലും ചെന്നൈ നായകന്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടിരുന്നു.
ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈയുടെ മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ എല്ലാം ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. ഒന്‍പതാം ഓവറില്‍ ചെന്നൈയുടെ സ്‌കോര്‍ 85 കടന്നിരുന്നു. ഈ സാഹചര്യത്തിലാണ് ധോണി ക്രീസിലെത്തുന്നത്. വമ്പനടികള്‍ക്ക് സാധ്യതയുള്ള സമയത്താണ് ധോണിയുടെ വരവ്. എന്നാല്‍, ധോണിയെ സുനില്‍ നരെയ്‌നും പിയൂഷ് ചൗളയും ചേര്‍ന്ന് പിടിച്ചുകെട്ടി. റണ്‍സ് കണ്ടെത്താനാവാതെ ചെന്നൈ ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് ഇഴഞ്ഞുനീങ്ങിയപ്പോള്‍ ടീമിന്റെ റണ്‍റേറ്റും കുറഞ്ഞു. ഒടുവില്‍, 25 റണ്‍സ് സംഭാവന ചെയ്താണ് ധോണി കൂടാരം കയറിയത്. ഇതാണ് ആരാധകരെ നിരാശപ്പെടുത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here