ബാര്‍ കോഴക്കേസ്; മാണിയ്ക്ക് ക്ലീന്‍ ചിറ്റ് നല്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളണമെന്ന് ഹര്‍ജി

ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയ്ക്ക് ക്ലീന്‍ ചിറ്റ് നല്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളണമെന്ന് ഹര്‍ജികള്‍. വി.എസ്. അച്ഛ്യുതാനന്ദന്, വി. മുരളീധരന്, ബിജു രമേശ് എന്നിവരാണ് കെ.എം. മാണിയ്ക്ക് ക്ലീന്‍ ചിറ്റ് നല്കിയ വിജിലന്‍സ് റിപ്പോര്‍ട്ടിനെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുന്നത്. കോടതിയില്‍ ആറോളം ഹര്‍ജികളാണ് കെ.എം. മാണിയ്ക്ക് നല്കിയ ക്ലീന്‍ ചിറ്റ് തള്ളി കളയണമെന്ന ആവശ്യവുമായി കോടതിയില്‍ എത്തിയിരിക്കുന്നത്.
ബാര്‍ കോഴക്കേസ് ഇന്ന് വിജിലന്‍സ് കോടതി പരിഗണിച്ചപ്പോള്‍ കോടതിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. കേസ് വാദം ആരംഭിക്കുന്നതിന് മുന്‍പ് കോടതിയില്‍ തര്‍ക്കമുണ്ടായി. വിജിലന്‍സിന്റെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി കെ.പി. സതീശന് ഹാജരായതിനെ വിജിലന്‍സ് നിയമോപദേശകന് എതിര്‍ത്തു. നിയമോപദേശകന് നിയമവശത്തെ കുറിച്ച് കൃത്യമായി അറിവില്ലാത്തതിനാലാണ് ഇതിനെ എതിര്‍ക്കുന്നതെന്ന് കെ.പി. സതീശനും തിരിച്ചടിച്ചു. കേസ് ജൂണ്‍ ആറിലേക്ക് മാറ്റുന്നതായി തിരുവനന്തപുരം വിജിലന്‍സ് കോടതി അറിയിച്ചു.
വിജിലൻസ് നിയമോപദേശകൻ അഗസ്റ്റിനോട് ഹാജരാകാനാണ് വിജിലൻസ് ഡയറക്ടര്‍ നിര്‍ദേശിച്ചത്. തര്‍ക്കത്തെ തുടർന്നു വിഷയത്തിൽ കോടതി ഇടപെട്ടു. പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞു വീഴുമോയെന്നും കോടതി ചോദിച്ചു. അഭിഭാഷകരുടെ കാര്യത്തിൽ സർക്കാരാണ് വ്യക്തത വരുത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
കേസില്‍ ഹാജരാവുന്നതില്‍ നിന്ന് സതീശനെ മാറ്റി നിര്‍ത്തണമെന്ന് മാണിയുടെ അഭിഭാഷകനും കോടതിയില്‍ ആവശ്യപ്പെട്ടു. വിജിലന്‍സിന് വേണ്ടി ഏത് അഭിഭാഷകന് ഹാജരാവണമെന്ന് പറയാന്‍ പ്രതിക്ക് കഴിയുമോയെന്നും കോടതി ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here