Advertisement

ഫ്‌ളവേഴ്‌സ് : ടെലിവിഷന്‍ കാഴ്ചയുടെ ജനകീയവത്കരണം

April 12, 2018
3 minutes Read
flowers

ഉന്മേഷ് ശിവരാമന്‍ 

മലയാളത്തില്‍ സ്വകാര്യ ടെലിവിഷന്‍ സംപ്രേഷണം ആരംഭിച്ചിട്ട് ഇരുപത്തിയഞ്ച് വര്‍ഷം തികയുകയാണ്.ഇന്ത്യയ്ക്ക് അകത്തു നിന്നു പോലുമായിരുന്നില്ല സംപ്രേഷണത്തുടക്കം.വാടകയ്ക്ക് എടുത്ത ട്രാന്‍സ്‌പോണ്ടറുമായി മൂന്നുമണിക്കൂര്‍ മാത്രം മലയാളം പരിപാടികള്‍; അതായിരുന്നു തുടക്കം.വളരെ വേഗമാണ് ടെലിവിഷന്‍ മലയാളിയുടെ കാഴ്ചാശീലങ്ങളെ ക്രമപ്പെടുത്തിയത്. തിയേറ്ററിന്റെ പൊതുവിടങ്ങള്‍ സിനിമയെ പുരുഷ കേന്ദ്രീകൃതമായി നിലനിര്‍ത്തിയ കാലത്താണ് ടെലിവിഷന്‍ സ്ത്രീയിടമായി പരിണമിച്ചത്.

വീടകങ്ങളില്‍ ഏറെ സമയം ചെലവഴിക്കേണ്ട വന്ന സ്ത്രീയുടെ അഭിരുചികള്‍ക്ക് അനുസരിച്ച് ടെലിവിഷന്‍ പരിപാടികള്‍ക്ക് രൂപമാറ്റവും ഭാവമാറ്റവും വന്നു. മറ്റ് പലയിടങ്ങളിലെയും ‘താരങ്ങള്‍’ ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളിയുടെ വീട്ടിലെ നിത്യ സാന്നിധ്യമായി. ഇത്തരം ‘താരമത്സരങ്ങള്‍’ ചാനല്‍ യുദ്ധത്തിന് ആക്കം പകര്‍ന്ന കാലത്താണ് 2015 ഏപ്രില്‍ 12-ന്  ഫ്ളവേഴ്‌സ് സംപ്രേഷണം ആരംഭിക്കുന്നത്.ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളിയുടെ കാഴ്ചാശീലങ്ങളെ ‘ഫ്ളവേഴ്‌സ്’ പുനര്‍നിര്‍വ്വചിച്ചത്.വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ താരസങ്കല്‍പ്പത്തെയും ടെലിവിഷന്‍ബോധങ്ങളെയും ഫ്ളവേഴ്‌സ് മാറ്റിമറിച്ചു.

സാധാരണക്കാര്‍ താരങ്ങളാകുന്നു

സ്വാതന്ത്ര്യാനന്തര കാലത്തെ ദേശീയതാബോധത്തെ നിര്‍മ്മിക്കുന്നതില്‍ ദൂരദര്‍ശന്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.’രാമായണം’,’മഹാഭാരതം’ എന്നീ പരമ്പരകള്‍ എങ്ങനെയാണ് ദേശീയതയെ പാകപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്ന ഒട്ടനവധി പഠനങ്ങള്‍ പുറത്തു വന്നിട്ടുമുണ്ട്. ഏറെക്കാലം ഇത്തരം ദേശീയതാ ബോധമായിരുന്നു ദേശീയടെലിവിഷന്‍ കാഴ്ചകളെ ക്രമപ്പെടുത്തിയത്. ശേഷം, സീരിയല്‍ വസന്തമായിരുന്നു. മലയാളത്തിലും ഇതിന് തുടര്‍ച്ചകളുണ്ടായി.അതിനുശേഷം സിനിമയിലെ താരങ്ങള്‍ ടെലിവിഷനിലെയും താരങ്ങളാകുന്ന കാലമായിരുന്നു. എന്നാല്‍,ഈ താരസങ്കല്‍പ്പത്തെ പൊളിച്ചെഴുതിയാണ്  ഫ്ളവേഴ്‌സ് ചുവടുറപ്പിക്കുന്നത്. ‘കോമഡി ഉത്സവം’ എന്ന ഒരൊറ്റ പരിപാടി മതി ഈമാറ്റം അനുഭവിച്ചറിയാന്‍ .

ഹാസ്യം വഴങ്ങുന്ന സാധാരണക്കാരും പൊതുമണ്ഡല വ്യവഹാരങ്ങളില്‍ മാറ്റിനിര്‍ത്തപ്പെടുന്നവരും ‘കോമഡി ഉത്സവ’ വേദിയിലെ താരങ്ങളായി മാറുന്നു. വീടകങ്ങളില്‍ മാത്രം നിലനിര്‍ത്തപ്പെടുന്നവരാണ് പലപ്പോഴും,അവരുടെ കഴിവുകള്‍ ഒന്നുകൊണ്ടു മാത്രം ഫ്ളവേഴ്‌സിലൂടെ മലയാളിയുടെ കാഴ്ചയിലേക്ക് എത്തുന്നത്. ഭിന്നശേഷിയുള്ളവരും വൈകല്യങ്ങള്‍ അനുഭവിക്കുന്നവരും മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല എന്ന ബോധം പകരുന്നതില്‍ക്കൂടി ‘കോമഡിഉത്സവം’ വിജയിക്കുന്നുണ്ട്.

നവമാധ്യമങ്ങളിലൂടെ കേരളത്തിന്റെ പൊതുമണ്ഡലങ്ങളിലേക്ക് ഏറെപ്പേര്‍ എത്തുന്ന കാലം കൂടിയാണിത്. അത്തരക്കാരില്‍ പലരെയും പിന്നീട് കാണുന്നത് ‘കോമഡിഉത്സവ’ വേദിയിലാണ്. അവരുടെ വീടും നാടും പിന്നിട്ട വഴികളും കൂടി കാഴ്ചക്കാരിലേക്ക് എത്തുന്നുണ്ട്. താരസങ്കല്‍പ്പത്തിന്റെ ഇത്തരം ജനകീയവത്കരണം കൂടി സാധ്യമാക്കുന്നിടത്താണ് ഫ്ളവേഴ്സിന്റെ  വഴി വേറിട്ടതാകുന്നത്. നവമാധ്യമങ്ങളിലൂടെയും യൂട്യൂബിലൂടെയുമൊക്കെ കൂടുതല്‍ മലയാളികള്‍ കാണുന്ന പരിപാടികളില്‍ ഒന്നാണ് ‘കോമഡി ഉത്സവം’ എന്ന് കണക്കുകള്‍ തെളിയിക്കുന്നു. നേരത്തേ സൂചിപ്പിച്ച ടെലിവിഷന്‍ ജനകീയവത്കരണത്തിന്റെ അടയാളം കൂടിയാണിത്.

വൈവിധ്യം മുഖമുദ്ര

‘ഉപ്പും മുളകും’, കോമഡി സൂപ്പര്‍നൈറ്റ്’കട്ടുറുമ്പ്,’ടമാര്‍പഠാര്‍’ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളാണ്  ഫ്ളവേഴ്‌സിന്റെ ജനകീയതയ്ക്ക് അടിത്തറപാകുന്നത്.സംപ്രേഷണം ആരംഭിച്ച് മൂന്നുവര്‍ഷത്തിനുള്ളിലാണ്  ഫ്ളവേഴ്‌സ് മലയാളിയുടെ കാഴ്ചാശീലങ്ങളെ മാറ്റി പ്രതിഷ്ഠിച്ചത് എന്നത് പ്രതീക്ഷകള്‍ക്ക് വര്‍ണ്ണവൈവിധ്യം പകരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top