‘സ്ത്രീകളെ അപമാനിച്ചവർക്ക് ഒളിക്കാനുള്ള ഒളിത്താവളമല്ല കോൺഗ്രസ്’; പി.കെ ശശിയെ ക്ഷണിച്ചതിനെതിരെ യൂത്ത് കോൺഗ്രസ്

പി.കെ ശശിയെ കോൺഗ്രസിലേക്ക് ക്ഷണിച്ചതിനെതിരെ യൂത്ത് കോൺഗ്രസ്. സ്ത്രീകളെ അപമാനിച്ചവർക്ക് ഒളിക്കാനുള്ള ഒളിത്താവളമല്ല കോൺഗ്രസെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ. പി.കെ ശശിയെ കോൺഗ്രസിലേക്ക് ക്ഷണിച്ചെങ്കിൽ അത് ദൗർഭാഗ്യകരമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു. പി.കെ ശശിയെ പോലെ സ്ത്രീ പീഡന ആരോപണം നേരിടുന്ന ആൾക്ക് പരവതാനി വിരിക്കാൻ കോൺഗ്രസ് തയ്യാറാകരുതെന്നും ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.
ആത്മാഭിമാനമുള്ള കോൺഗ്രസുകാരന് അംഗീകരിക്കാൻ കഴിയില്ലെന്ന് വി.പി ദുൽഖിഫിൽ പറയുന്നു. പി കെ ശശി യുഡിഎഫിലേക്ക് എന്ന തരത്തിൽവരുന്ന വാർത്ത യുഡിഎഫിനെ ദുർബലപ്പെടുത്താൻ ഉള്ളതാണ് എന്നതിൽ സംശയമില്ലെന്ന് ദുൽഖിഫിലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പി കെ ശശിയടക്കം നിരവധി നേതാക്കൾക്ക് സിപിഐഎമ്മിൽ അതൃപ്തിയുണ്ടെന്നും കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ ഇത്തരക്കാർക്ക് യാതൊരു വിലക്കുമില്ലെന്ന് വി കെ ശ്രീകണ്ഠൻ എംപി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നാറിയവനെ പേറിയാൽ പേറിയവനും….?
സി.പി.എമ്മിലെ സഹപ്രവർത്തക നൽകിയ പീഡന പരാതിയുടെ ഭാഗമായി പാർട്ടി അന്വേഷണത്തിൽ പീഡന പരാതി കള്ളമല്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് അച്ചടക്ക നടപടിക്ക് വിധേയനാവുകയും ചെയ്ത പാലക്കാട് ജില്ലയിലെ സി.പി.എം നേതാവായ പി കെ ശശി യുഡിഎഫിലേക്ക് എന്ന തരത്തിൽ ദൃശ്യമാധ്യമങ്ങളിൽ വരുന്ന വാർത്ത യുഡിഎഫിനെ ദുർബലപ്പെടുത്താൻ ഉള്ളതാണ് എന്നതിൽ സംശയമില്ല. പി. കെ ശശി കോൺഗ്രസിൽ വരാൻ താത്പര്യപ്പെടുകയോ,കോൺഗ്രസിലേക്ക് ആരെങ്കിലും ക്ഷണിക്കുക ചെയ്തിട്ടുണ്ടെങ്കിൽ അത് ദൗർഭാഗ്യകരമാണ് എന്ന് മാത്രമല്ല ആത്മാഭിമാനമുള്ള ഒരു കോൺഗ്രസ്കാരനും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്. സ്ത്രീകളെ അപമാനിച്ചവർക്ക് ഒളിക്കാനുള്ള ഒളിത്തവളമല്ല കോൺഗ്രസ്.ഇത്തരം വാർത്തകൾ പൊതുമാധ്യമത്തിൽ ചർച്ച ചെയ്യുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ 9 വർഷത്തെ ദുർഭരണം ജനങ്ങൾ തിരിച്ചറിഞ്ഞപ്പോൾ അനിവാര്യമായ പരാജയത്തിന്റെ പ്രത്യാഘാതം കുറക്കാനുള്ള രക്ഷാപ്രവർത്തനമാണ്, ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്.ഇതിനെ തിരിച്ചറിയാൻ നമുക്കു സാധിക്കേണ്ടതുണ്ട് എന്ന് മാത്രമല്ല പി.കെ.ശശിയെ പോലെ സ്ത്രീ പീഡന ആരോപണം നേരിടുന്നവർക്ക് പരവതാനി വിരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാവരുത്.
Story Highlights : Youth Congress opposes invitation to P.K. Sasi to Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here