‘പെണ്‍കുട്ടികള്‍ എന്നെ വന്ന് കണ്ടിരുന്നു, പരാതിയുമായി എനിക്ക് ബന്ധമൊന്നുമില്ല’; തന്നെ വ്യാജ പരാതിയില്‍ കുടുക്കിയെന്ന അധ്യാപകന്റെ ആരോപണം തള്ളി എസ് രാജേന്ദ്രന്‍

മൂന്നാര്‍ ഗവണ്‍മെന്റ് കോളജിലെ വ്യാജ പീഡനക്കേസില്‍ അധ്യാപകന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഐഎം നേതാവ് എസ് രാജേന്ദ്രന്‍. തന്റെ നേതൃത്വത്തിലാണ് വ്യാജപരാതി തയ്യാറാക്കിയതെന്ന അധ്യാപകന്‍ ആനന്ദ് വിശ്വനാഥിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു. അധ്യാപകനെതിരെ പരാതി നല്‍കിയ ശേഷം പരാതിക്കാരികള്‍ തന്നെ സമീപിച്ചിരുന്നുവെന്നും തങ്ങളെ അദ്ദേഹം മാനസികമായി ഉപദ്രവിക്കുന്നു എന്നുള്‍പ്പെടെ പെണ്‍കുട്ടികള്‍ തന്നോട് പരാതിപ്പെട്ടിരുന്നു എന്നും എസ് രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. (s rajendran denied anand viswanath’s allegations)
അഞ്ചോളം പെണ്‍കുട്ടികള്‍ അധ്യാപകനെതിരെ പരാതിയുമായി തന്നെ സമീപിച്ചുവെന്നാണ് എസ് രാജേന്ദ്രന്‍ പറയുന്നത്. അധ്യാപകനെതിരെ അന്വേഷണം നടത്തിയ ശേഷം നടപടി സ്വീകരിക്കണമെന്നാണ് പ്രിന്‍സിപ്പലിനോട് പറഞ്ഞത്. തങ്ങള്‍ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് വീണ്ടും പെണ്‍കുട്ടികള്‍ പറഞ്ഞപ്പോള്‍ അന്വേഷിക്കാമെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്ന് എസ് രാജേന്ദ്രന്‍ വിശദീകരിച്ചു.
വ്യാജ പീഡനപരാതിയില്‍ താന്‍ പ്രതിയാക്കപ്പെട്ടത് 11 വര്‍ഷമാണെന്നും നിയമപോരാട്ടത്തിനൊടുവിലാണ് കുറ്റവിമുക്തനാക്കപ്പെട്ടതെന്നും അധ്യാപകന്‍ പ്രതികരിച്ചതും അതില്‍ സിപിഐഎമ്മിനെ ആരോപണമുനയില്‍ നിര്‍ത്തിയതും വലിയ ചര്‍ച്ചയായിരുന്നു. എസ്എഫ്‌ഐ അനുഭാവികളായ വിദ്യാര്‍ഥികള്‍ മൂന്നാറിലെ ഏരിയ കമ്മിറ്റി ഓഫിസില്‍ വച്ച് പരാതി എഴുതിയുണ്ടാക്കി പൊലീസിന് നല്‍കുകയായിരുന്നുവെന്നും അതില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ ഉള്‍പ്പെടെ ഇടപെട്ടുവെന്നുമായിരുന്നു ആരോപണം. പരാതിയില്‍ ഇടപെട്ടുവെന്ന് സമ്മതിക്കുമ്പോഴും പാര്‍ട്ടി ഓഫിസില്‍ വച്ച് പരാതി എഴുതി നല്‍കി എന്ന ആരോപണം എസ് രാജേന്ദ്രന്‍ പൂര്‍ണമായി തള്ളി. താനൊരു ഗൂഢാലോചനയുടേയും ഭാഗമല്ല.
Story Highlights : s rajendran denied anand viswanath’s allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here