പെണ്മക്കളെ രക്ഷിക്കേണ്ടത് ആരിൽ നിന്ന് ?
ബി ജെ പി ക്ക് വേണ്ടി പ്രചാരണ ജോലികൾ ചെയ്യുന്ന ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി തയ്യാറാക്കിയതാണ് ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ എന്ന മുദ്രാവാക്യം. എന്നാൽ ഈ മുദ്രാവാക്യം ഇപ്പോൾ ബി ജെ പിയെ ഒരു ബൂമറാങ് പോലെ തിരിച്ചടിക്കുകയാണ്. ‘ബേട്ടി ബച്ചാവോ’ എന്ന മുദ്രാവാക്യത്തിന്റെ ആദ്യ പകുതി ആണ് ബി ജെ പിയെ തിരിഞ്ഞടിക്കുന്നത്. ആരിൽ നിന്നാണ് ഞങ്ങൾ ഞങ്ങളുടെ പെണ്മക്കളെ രക്ഷിക്കേണ്ടത് എന്ന ചോദ്യമാണ് മാധ്യമങ്ങളിലൂടെ ഇന്ത്യ ചോദിക്കുന്നത്.
ഈ മുദ്രാവാക്യം ആദ്യം പറഞ്ഞത് ചേതന ഭാട്ടി എന്ന ഒരു വനിതാ പോലീസ് ഓഫീസർ ആണ്. 1999 ൽ ഒരു കവിതയിലാണ് രാജസ്ഥാനിയായ ചേതന ഭാട്ടി ഈ വാചകം ഉപയോഗിച്ചത്. പിന്നീട് ഈവന്റ് മാനേജ്‌മെന്റ് വിഭാഗം കോപ്പി റൈറ്റർ നൽകിയ നോട്ടു പ്രകാരം മോഡി 2014 ലെ ഇന്റർനാഷണൽ ഡേയ് ഓഫ് ദി ഗേൾ ചൈൽഡ് ദിനത്തിൽ തന്റെ വെബ്‌സൈറ്റുകളിൽ ഒന്നിലൂടെ ഈ മുദ്രാവാക്യം മുന്നോട്ടു വയ്ക്കുകയും ഇത് സംബന്ധിച്ച നിർദേശങ്ങൾ ക്ഷണിക്കുകയും ചെയ്തു. 22 ജനുവരി 2015 ൽ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ എന്ന പദ്ധതി നിലവിൽ വന്നു. ”പെൺകുട്ടിയെ രക്ഷിക്കൂ , പെൺകുട്ടിയെ പഠിപ്പിക്കൂ ” എന്നാണു അർഥം. ഇത്രയും ആണ് വസ്തുത. പക്ഷെ മുദ്രാവാക്യത്തിലെ ”പെൺകുട്ടിയെ രക്ഷിക്കൂ…” ഇപ്പോൾ മോദിക്കും സാഫ്രോൺ സർക്കാരിനും തിരിച്ചടി ആവുകയാണ്.
”പെൺകുട്ടിയെ രക്ഷിക്കൂ” എന്നത് ഒരു മുന്നറിയിപ്പായിരുന്നു എന്ന ആക്ഷേപം കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ. കാശ്മീരിൽ ഹിന്ദു തീവ്രവാദികൾ നടത്തിയ പൈശാചിക പ്രവർത്തിയാണ് രാജ്യത്തെയാകെ ക്ഷുഭിതരാക്കുന്നത്. ഇന്നലെ രാത്രി രാഹുൽ ഗാന്ധി സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ രാഷ്ട്രീയം മറന്ന് പതിനായിരങ്ങളാണ് പങ്കെടുത്തത്. യാത്രയ്ക്ക് രാഷ്ട്രീയ മുഖം നൽകാതെ ശ്രദ്ധിക്കാൻ രാഹുൽ ഗാന്ധിയും നിർദേശം നൽകിയിരുന്നു. സംഭവത്തിനെ ‘കാവി ഭീകരത’ എന്നാണ് ജനങ്ങൾ വിശേഷിപ്പിക്കുന്നത്.
മോദി ഭരണകൂടം അധികാരമേറ്റത് മുതൽ രാജ്യത്ത് നടക്കുന്ന ജാതി മത കൊലപാതകങ്ങളുടെ മുഴുവൻ പട്ടികയും നിരത്തിയാണ് ചിലർ സാമൂഹ്യമാധ്യമങ്ങളിൽ ബി ജെ പിയെ ആക്രമിക്കുന്നത്. കൊലപാതകങ്ങളുടെ പട്ടിക മാത്രമല്ല; ബി ജെ പിയും അനുബന്ധ സാഫ്രോൺ ഘടക കക്ഷികളുടെ ജനപ്രതിനിധികൾ പ്രതിസ്ഥാനത്ത് ഉൾപ്പെട്ട ബലാത്സംഗക്കേസുകളുടെ പട്ടികയും സാമൂഹ്യമാധ്യമങ്ങളിൽ പെയ്തിറങ്ങുകയാണ്.
അസംഖ്യം ബലാത്സംഗക്കേസുകളിൽ ബി ജെ പിയും അനുബന്ധ കക്ഷികളും ഉൾപ്പെട്ട പശ്ചാത്തലത്തിൽ ട്രോൾ പേജുകളിലും ഇതേ വിഷയത്തിൽ നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here