കത്വ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ പരാതി നൽകി കുമ്മനം; വാദങ്ങൾ പൊളിച്ചടുക്കി സോഷ്യൽ മീഡിയ; വിനയായത് പണ്ടത്തെ ഫേസ്ബുക്ക് പോസ്റ്റ്

കശ്മീരിലെ കത്വയിൽ ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഫോട്ടോ ഷെയർ ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖർ ഇന്നലെ ഡിജിപിയ്ക്ക് പരാതി നൽകി. ക്രൂരപീഡനത്തിനിരയായ പെൺകുട്ടിയുടെ പേരും ചിത്രവും ട്വിറ്റർ, ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയിലൂടെ പരസ്യപ്പെടുത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി നിയമവിരുദ്ധവും ക്രൂരവുമാണെന്നും ഇത്തരം കേസുകളിൽ ഇരയാക്കപെടുന്നവർക്ക് നിയമം നൽകുന്ന അവകാശം പിണറായി വിജയൻ ലംഘിച്ചിരിക്കുകയാണെന്നുമായിരുന്നു കുമ്മനത്തിന്റെ ആരോപണം. ഇത് ഇരയെ അപമാനിക്കലാണെന്നും ഈ നിയമത്തെപ്പറ്റിയുള്ള അജ്ഞതമൂലമല്ല മുഖ്യമന്ത്രി ഇങ്ങനെ ചെയ്തതെന്നും കുമ്മനം ആരോപിച്ചിരുന്നു.
എന്നാൽ കുമ്മനം വീണ്ടും സോഷ്യൽ മീഡിയയിൽ അപഹാസ്യനായിരിക്കുകയാണ്. 2016 മെയ് 18 ന് കുമ്മനം ഫെയ്‌സ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു. പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ ഫോട്ടോയും പേരും ചേർത്തു തന്നെയായിരുന്നു അത്. അന്ന് അദ്ദേഹം ഇട്ട പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്.
‘പെരുമ്പാവൂരിൽ ജിഷ എന്ന ദളിത് പെൺകുട്ടി ദാരുണമായ വിധം കൊല ചെയ്യപ്പെട്ടിട്ട് ഇപ്പോൾ ഏറെ ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇതുവരെ പ്രതിയെ കണ്ടുപിടിക്കാൻ പോലീസിനായിട്ടില്ല. ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള വലിയൊരു പോലീസ് സംഘത്തെ തന്നെ അന്വേഷണത്തിനു നിയോഗിച്ചിട്ടും കേസിൽ പുരോഗതി ഉണ്ടാകുന്നില്ലെന്നത് ദുരൂഹമാണ്. പോലീസിന്റെ അന്വേഷണം തടസപ്പെടുത്താൻ തൽപരകക്ഷികൾ ശ്രമിക്കുന്നുണ്ടെന്നു ന്യായമായും കരുതാവുന്നതാണ്.
ജിഷ വധക്കേസിൽ അന്വേഷണം നടത്തിയ പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി പോലീസ് പരാതി പരിഹാര സെൽ ചെയർമാൻ ജസ്റ്റിസ് നാരായണക്കുറുപ്പ് പറയുകയുണ്ടായി.പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ പല വീഴ്ച്ചകളും ഉണ്ടായതായി അദ്ദേഹം അഭിപ്രായപെട്ടു.ഡിഎൻഎ സാമ്പിൾ ഉൾപ്പെടെയുള്ള ശാസ്ത്രീയതെളിവുകൾ വരെ ലഭിച്ച സ്ഥിതിക്കു പ്രതിയാരെന്നു പോലീസിനു എളുപ്പത്തിൽ കണ്ടുപിടിക്കാവുന്നതേയുള്ളൂ. എന്നിട്ടും പോലീസ് തുടരുന്ന ഈ മെല്ലെപ്പോക്ക് കുറ്റവാളിയെ രക്ഷപ്പെടുത്താനാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു’
ഇതോടെ പിണറായി വിജയനെതിരെ പ്രയോഗിച്ച ആരോപണങ്ങൾ കുമ്മനത്തിനെതിരെ തന്നെ തിരിഞ്ഞിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here