‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല

സാധാരണക്കാര്‍ക്കുള്ള ചികിത്സാസൗകര്യത്തിന്റെ അപര്യാപ്തത തുറന്നു പറഞ്ഞതിന്റെ പേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ഹാരിസിനെ വേട്ടയാടാന്‍ ഭരണകൂടം ഇറങ്ങിപ്പുറപ്പെടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തിയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. വിമര്‍ശിക്കുന്നവരെയും പൊതുജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്നവരെയും വേട്ടയാടാന്‍ ഫാസിസ്റ്റ്, ഏകാധിപത്യമനസുള്ളവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും ഒരു പത്രപ്രവര്‍ത്തകയെന്ന നിലയില്‍ നീതിക്കും മനുഷ്യത്വത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ വീണാ ജോര്‍ജ് തന്നെ ഇത്തരമൊരു വേട്ടയ്ക്കു നേതൃത്വം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണക്കാരായ മനുഷ്യര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നത് ഒരു തെറ്റല്ല. അങ്ങനെ ശബ്ദമുയര്‍ത്തുന്നവരെ അംഗീകരിക്കുകയാണ്, അവരെ ചേര്‍ത്തു പിടിക്കുകയാണ് യഥാര്‍ഥ കമ്യൂണിസ്റ്റുകള്‍ ചെയ്യേണ്ടത്. മനുഷ്യനാവണം എന്നു പാടിയതു കൊണ്ടു മാത്രം കാര്യമില്ല. അങ്ങനെ ആവാന്‍ കൂടി ശ്രമിക്കണം. സ്വന്തം സഹപ്രവര്‍ത്തകരെ തന്നെ ഉപയോഗിച്ചാണ് ഡോ. ഹാരിസിനെ കുടുക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത്. ഭരണകൂടത്തിന്റെ ഇത്തരം ഭീകരതയ്ക്കു വഴങ്ങാതെ ഡോക്ടര്‍മാരുടെ സംഘടനകള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, സ്വന്തം സഹപ്രവര്‍ത്തകന് ഒപ്പം നില്‍ക്കുകയാണ് വേണ്ടത് – അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ തുടര്‍ഭരണം സിപിഐഎമ്മിനെ പൂര്‍ണമായും ഫാസിസ്റ്റ് പാര്‍ട്ടിയും ഫാസിസ്റ്റ് ഭരണകൂടവുമാക്കി മാറ്റിയിരിക്കുന്നുവെന്നും എതിര്‍ക്കുന്നവരെ വേട്ടയാടുകയാണ് ഭരണകൂടവും പാര്‍ട്ടിയുമെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒന്നുകില്‍ പെണ്ണുകേസില്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കേസില്‍ കുടുക്കി എതിരാളികളുടെ ഭാവി നശിപ്പിക്കുന്ന തരം താണ പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍ ഏര്‍പ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ജനത ഇതൊക്കെ കണ്ടുകൊണ്ടിരിക്കുകയാണെന്നത് മറക്കരുതന്നും രമേശ് ചെന്നിത്തല ഓര്‍മിപ്പിച്ചു.
Story Highlights : Ramesh Chennithala about Dr. Haris Hasan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here