ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു: ആരോഗ്യ വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം

കെ.ജി.എം.ഒ.എ. നാല് ദിവസമായി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.സമരം തുടർന്നാൽ ഡോക്ടർമാരെ പുറത്താക്കി പകരം സംവിധാനം ഏർപ്പെടുത്തുമെന്ന സർക്കാരിന്റെ മുന്നറിയിപ്പിന് മുന്നില്‍ ഡോക്ടര്‍മാര്‍ മുട്ടുമടക്കുകയായിരുന്നു.
പ്രധാന തീരുമാനങ്ങള്‍
1. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം വരെയുള്ള ഒ.പി.യുമായി സഹകരിക്കും
2. ഈ കേന്ദ്രങ്ങളില്‍ കുറഞ്ഞത് 3 ഡോക്ടര്‍മാരെ ഉറപ്പ് വരുത്തും. നിലവില്‍ പ്രവര്‍ത്തന സജ്ജമായ കുടുബാരോഗ്യ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ തന്നെ 3 ഡോക്ടര്‍മാരുണ്ട്. ഇനിയുള്ള കേന്ദ്രങ്ങളിലും അത് ഉറപ്പുവരുത്തും.
3. ഇവര്‍ ലീവെടുക്കുന്ന ദിവസങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ പ്രോഗ്രാം മാനേജറും നേതൃത്വം നല്കുന്ന റിസര്‍വ് ടീം ഉണ്ടാക്കും.
4. രോഗികളുടെ വര്‍ധനവുള്ള കേന്ദ്രങ്ങളില്‍ ഘട്ടം ഘട്ടമായി അവശ്യമെങ്കില്‍ കൂടുതല്‍ ഡോക്ടര്‍മാരെ കൂടുതലുള്ള കേന്ദ്രങ്ങളില്‍ നിന്നും പുനര്‍വിന്യസിക്കുന്ന കാര്യം ആലോചിക്കും. ഇക്കാര്യം സര്‍ക്കാര്‍ മുന്‍കൂട്ടി കണ്ടിരുന്നു.
5. ആര്‍ദ്രം മിഷന്റെ ഭാഗമായ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പ്രായോഗിക വിഷമതകള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ രൂപീകരിച്ച് കെ.ജി.എം.ഒ.എ. പ്രതിനിധികള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുകയും ചെയ്യും. മേയ് ആദ്യവാരം മന്ത്രിതല ചര്‍ച്ച നടത്തും.
6. അനധികൃതമായി ജോലിയില്‍ പ്രവേശിക്കാത്ത കാരണം കൊണ്ട് സസ്പെന്റ് ചെയ്ത ഡോക്ടര്‍ വിശദീകരണം നല്കിയാല് നടപടി ഒഴിവാക്കും
7. അവിചാരിതമായി ഡോക്ടര്‍മാരുടെ സംഘടന നടത്തിയ മിന്നല്‍ സമരത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ മന്ത്രി അമര്‍ഷം രേഖപ്പെടുത്തി.
കെ.ജി.എം.ഒ.എ. ഭാരവാഹികളായ ഡോ. റൗഫ് എ.കെ., ഡോ. ജിതേഷ് വി., ഡോ. ജോസഫ് ഗോമസ്, ഡോ. ശ്യാംസുന്ദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here