വ്യാജഹർത്താൽ; വാഹനങ്ങൾ തടഞ്ഞവരെ പോലീസ് കസ്റ്റഡിയിലെടുത്തു

ഇന്ന് ഹർത്താലാണെന്ന വ്യാജേന മലബാറിൽ പലയിടത്തും വാഹനങ്ങൾ തടഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മലപ്പുറത്ത് ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോഴിക്കോട്,കാസർഗോഡ്, മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിലാണ് വാഹനങ്ങൾ തടയുന്നത്. ദേശീയപാതയിലൂടെയോടുന്ന കെഎസ്ആർടിസി ബസുകളും സ്വകാര്യവാഹനങ്ങളുമടക്കം ആളുകൾ തടയുന്നതായാണ് വിവരം. പലയിടത്തും പോലീസെത്തിയാണ് വാഹനം തടഞ്ഞവരെ വിരട്ടിയോടിക്കുന്നത്.
ക്വത്വ, ഉന്നാവ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് ഹർത്താൽ ആചരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സോഷ്യൽമീഡിയയിലൂടെ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്ച്ച ആരും ജോലിക്ക് പോകരുതെന്നും കെഎസ്ആർടിസി ബസുകളും സ്വകാര്യവാഹനങ്ങളും തടയണമെന്നും ആഹ്വാനം ചെയ്തു കൊണ്ടായിരുന്നു ഈ സന്ദേശം പ്രചരിച്ചിരുന്നത്. ഉറവിടം വ്യക്തമല്ലാത്ത ഈ സന്ദേശത്തിൻറെ പേരിലാണ് ഇപ്പോൾ പലയിടത്തും വാഹനങ്ങൾ തടയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here