കോണ്‍ഗ്രസ് ബന്ധത്തില്‍ സിപിഎം രണ്ട് തട്ടില്‍; പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ തുടക്കം

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നാളെ മുതല്‍ ഹൈദരാബാദില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം സിപിഎം മന്ത്രിമാര്‍ ഹൈദരാബാദിലേക്ക്. തെരഞ്ഞെടുക്കപ്പെട്ട 780 പ്രതിനിധികളും 70 നിരീക്ഷകരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.
കോണ്‍ഗ്രസ് ബന്ധമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസില്‍ കാര്യമായ ചര്‍ച്ചകള്‍ക്ക് വഴിവെക്കുക. കോണ്‍ഗ്രസ് ബന്ധത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ രണ്ട് തട്ടുകളാണ് ഉള്ളത്. കോണ്‍ഗ്രസുമായുള്ള ബന്ധം തള്ളാതെയാണ് സീതാറാം യെച്ചൂരി ഹൈദരാബാദിലേക്ക് എത്തുന്നത്. പ്രകാശ് കാരാട്ട് പക്ഷം കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ക്കുമ്പോള്‍ ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങളെ ചെറുക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര രാഷ്ട്രീയ പാര്‍ട്ടികളുമായി ഒന്നിക്കണമെന്ന നിലപാടിലുറച്ചാണ് യെച്ചൂരി നില്‍ക്കുന്നത്.
കേരളത്തില്‍ നിന്ന് വിഎസ് മാത്രമാണ് യെച്ചൂരി നിലപാടിനെ അംഗീകരിക്കുന്നത്. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസുമായി യാതൊരു സഖ്യത്തിനും തയ്യാറല്ലെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. ബംഗാള്‍ ഘടകം മാത്രമാണ് യെച്ചൂരിയെ പിന്തുണച്ച് കൂടെയുള്ളത്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ പതാക ഉയരുക എന്നതും ശ്രദ്ധേയമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here