വരാപ്പുഴ കസ്റ്റഡി മരണം; കുരുക്കുകള്‍ ആലുവ റൂറല്‍ എസ്പിയിലേക്കും

വരാപ്പുഴ കസ്റ്റഡി മരണ കേസിൽ ആലുവ റൂറൽ എസ്പി എസ്.വി. ജോര്‍ജ്ജിനെതിരെ നടപടിക്ക് നീക്കം. എന്നാല്‍, മജിസ്‌ട്രേറ്റിനെതിരെ പരാതി നല്‍കി നടപടിയില്‍ നിന്ന് തടിയൂരാനാണ് എസ്പി ശ്രമിക്കുന്നത്.
ഇതിനിടെ, റൂറല്‍ എസ്പിക്കെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. റൂറല്‍ ടൈഗർ ഫോഴ്സ് ലോക്കൽ പൊലീസിനെ അറിയിക്കാതെയാണ് ശ്രീജിത്തിനെ പിടിച്ചു കൊണ്ടു പോയതെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നൽകിയത്.
ടൈഗർ ഫോഴ്സിന്റെ നടപടിയിൽ ലോക്കൽ പൊലീസിൽ അമർഷം പുകയുകയാണെന്നും റിപ്പോർട്ടിലുണ്ട്. സി ഐ അടക്കമുള്ളവർ ചെയ്യാത്ത കുറ്റത്തിന് പ്രതികളായെന്നാണ് ലോക്കൽ പൊലീസ് പരിതപിക്കുന്നത് .
അതിനിടെ, കസ്റ്റഡി പീഡനക്കേസിലെ പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാൻ പ്രത്യേക അന്വഷണ സംഘം തീരുമാനിച്ചതായി സൂചനയുണ്ട് .
ആലുവ എസ്പി എസ്.വി. ജോര്‍ജ്ജിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡിലുള്ളവരാണ് ടൈഗര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍. അതിനാലാണ്, എസ്.വി ജോര്‍ജ്ജിനെതിരെയും ചോദ്യങ്ങള്‍ ഉയരുന്നത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരെയാണ് പോലീസ് ഇന്ന് വൈകീട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആലുവ എസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിലുള്ള ഉദ്യോഗസ്ഥരായിട്ടും എസ്പി എസ്.വി. ജോര്‍ജ്ജിനെതിരെ അന്വേഷണം നടക്കാത്തതിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
പിണറായി സർക്കാർ രണ്ടു വർഷം പൂർത്തിയാക്കാനിരിക്കെ ഉണ്ടായ കസ്റ്റഡി മരണം സർക്കാരിനു തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. പാർട്ടിയിലും ഇക്കാര്യത്തിൽ അമർഷം പുകയുകയാണ്. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് പിണറായി മടങ്ങിയെത്തിയാൽ നടപടിയിലേക്ക് കടക്കുമെന്നാണ് വിവരം .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here