വരാപ്പുഴ കസ്റ്റഡി മരണം; മൂന്ന് ആര്‍ടിഎഫുകാര്‍ അറസ്റ്റില്‍

വരാപ്പുഴയിലെ കസ്റ്റഡി മരണത്തില്‍ 3 പോലീസുകാര്‍ അറസ്റ്റില്‍. സന്തോഷ് കുമാര്‍, ജിതില്‍ രാജ്, സുമേഷ് എന്നീ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായിരിക്കുന്നത്. റൂറല്‍ എസ്പി എസ്.വി ജോര്‍ജ്ജിന്റെ സ്‌ക്വാഡിലുള്ള മൂന്ന് ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ദേവസ്വംപാടത്ത് നിന്ന് മരണപ്പെട്ട ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തത് ഇവര്‍ മൂവരും ചേര്‍ന്നാണ്. അന്വേഷണ ചുമതലയുള്ള ക്രൈം ബ്രാഞ്ച് ഐ.ജി ശ്രീജിത്ത് അല്‍പസമയത്തിനകം മാധ്യമങ്ങളെ കാണും. ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവത്തില്‍ അറസ്റ്റ് നടക്കുന്നത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത സമയത്ത് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചു എന്നതിന് ശ്രീജിത്തിന്റെ കുടുംബാംഗങ്ങള്‍ സാക്ഷിയാണ്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡി മരണത്തിലെ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന പക്ഷം വരാപ്പുഴ സ്റ്റേഷനിലെ എസ്‌ഐ, പറവൂര്‍ സിഐ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റിലായവരെ നാളെ കോടതിയില്‍ ഹാജരാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here