Advertisement

ആദ്യ നൂറടിച്ച് ഗെയ്ല്‍; വിമര്‍ശകര്‍ക്ക് ചുട്ട മറുപടി

April 20, 2018
Google News 1 minute Read

ഐപിഎല്‍ താരലേലത്തില്‍ എല്ലാവരും കയ്യൊഴിഞ്ഞ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ ഓരോരുത്തരോടായി പകരം വീട്ടാന്‍ തുടങ്ങിയിരിക്കുന്നു. ബാറ്റ് കൊണ്ട് തലങ്ങും വിലങ്ങും ബൗണ്ടറികള്‍ പായിച്ച് വിമര്‍ശകരുടെ വായടപ്പിക്കുകയാണ് കരീബിയന്‍ താരം. ഇന്നലെ നടന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ തന്നെ വിശ്വസിച്ച് ടീമിലെടുത്ത പഞ്ചാബിന് വേണ്ടി ഈ വര്‍ഷത്തെ ഐപിഎല്ലിലെ ആദ്യ സെഞ്ചുറിയാണ് താരം നേടിയിരിക്കുന്നത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബിനു വേണ്ടി 63 പന്തുകളില്‍ നിന്ന് 104 റണ്‍സ് നേടി. ഐപിഎല്ലിലെ ആറാം സെഞ്ചുറിയും ഇത്തവണത്തെ ടൂര്‍ണമെന്റിലെ ആദ്യ സെഞ്ചുറിയുമാണ് ഗെയ്ല്‍ ഇന്നലെ നേടിയത്. ഒരു ഫോറും 11 കൂറ്റന്‍ സിക്‌സറുകളുമാണ് ഗെയ്‌ലിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. പുറത്താകാതെ നിന്നാണ് ഗെയ്ല്‍ പഞ്ചാബിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഗെയ്ല്‍ താണ്ഡവമാടിയത്.

നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 193 റണ്‍സാണ് പഞ്ചാബ് നേടിയത്. എന്നാല്‍, മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന്റെ ഇന്നിംഗ്‌സ് 4 വിക്കറ്റ് നഷ്ടത്തില്‍ 178ല്‍ അവസാനിച്ചു. 15 റണ്‍സിന്റെ വിജയമാണ് പഞ്ചാബ് സ്വന്തം തട്ടകത്തില്‍ നേടിയത്. ഇത്തവണത്തെ താരലേലത്തില്‍ ആരും സ്വന്തമാക്കാതിരുന്ന ക്രിസ് ഗെയ്‌ലിനെ ഏറ്റവും ഒടുവില്‍ അടിസ്ഥാന വില മാത്രം മുടക്കിയാണ് പഞ്ചാബ് സ്വന്തമാക്കിയത്. ആദ്യ മത്സരങ്ങളില്‍ താരം പുറത്തിരിക്കേണ്ടിയും വന്നു. എന്നാല്‍ കളത്തിലിറങ്ങിയ അവസാന രണ്ട് മത്സരങ്ങളില്‍ ഗംഭീര പ്രകടനമാണ് താരം നടത്തിയത്.

ക്രിസ് ഗെയ്ല്‍ എന്ന താരത്തിന്റെ ബാറ്റിംഗ് കരുത്തിനെ ചെറുതാക്കി കണ്ടവരും വിമര്‍ശിച്ചവരും അയാളുടെ ബാറ്റില്‍ നിന്ന് പാഞ്ഞ ബൗണ്ടറികള്‍ കണ്ട് അന്തംവിട്ട് നില്‍ക്കുകയാണ്. തന്നെ ടീമിലെടുത്ത ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗിന് സെഞ്ചുറി നേട്ടത്തിന് ശേഷം ഗെയ്ല്‍ നന്ദി പറഞ്ഞു. ഗെയ്‌ലിനെ ടീമിലെടുക്കാനുള്ള തീരുമാനത്തിന് പിന്നില്‍ സേവാഗ് ആയിരുന്നു. 38-ാം വയസിലാണ് ഗെയ്‌ലിന്റെ ഈ വെടിക്കെട്ട് പ്രകടനമെന്നതും ശ്രദ്ധേയമാണ്. സേവാഗിന്റെ നിര്‍ദേശമനുസരിച്ച് യോഗയും മസാജും നടത്തിയതാണ് ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ സഹായിച്ചതെന്ന് ഗെയ്ല്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here