‘കോണ്‍ഗ്രസി’ല്‍ തട്ടി വീണില്ല ; മാധ്യമവാദം തള്ളി ബൃന്ദ

സിപിഐഎം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍ തുടരുകയാണ്. ബിജെപിയെ മുഖ്യശത്രുവായി കാണുന്ന രാഷ്ട്രീയ പ്രമേയമാണ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചത്. കോണ്‍ഗ്രസുമായി രാഷ്ട്രീയസഖ്യം വേണ്ടെന്നും തീരുമാനമായി. എന്നാല്‍ പ്രവര്‍ത്തന ധാരണ ഉണ്ടാക്കുന്നതിന് തടസ്സമില്ലെന്നും രാഷ്ട്രീയപ്രമേയം പറയുന്നു.
രാഷ്ട്രീയം പറഞ്ഞ് ബൃന്ദ
വൈകിട്ട് മാധ്യമങ്ങളെ കണ്ട ബൃന്ദാ കാരാട്ട് രാഷ്ട്രീയപ്രമേയത്തില്‍ വിശദീകരണം നല്‍കി. പാര്‍ട്ടിയുടെ രാഷ്ട്രീയപാതയില്‍ ഒരു മാറ്റവുമില്ലെന്നാണ് ബൃന്ദ പറഞ്ഞത്. പാര്‍ലമെന്റിന് അകത്ത് കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തടസ്സമില്ലെന്നാണ് രാഷ്ട്രീയപ്രമേയം വ്യക്തമാക്കുന്നതെന്നും ബൃന്ദാ കാരാട്ട് അറിയിച്ചു. വര്‍ഗീയ ശക്തികളെ നേരിടാന്‍ പ്രശ്‌നാധിഷ്ഠിത സഹകരണത്തിന് സിപിഐഎം മുന്‍കൈയെടുക്കും. തിരഞ്ഞെടുപ്പുകളില്‍ സിപിഐഎമ്മോ ഇടതുപക്ഷമോ മത്സരിക്കാത്ത ഇടങ്ങളില്‍ ബിജെപിയുടെ തോല്‍വി ഉറപ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.
യെച്ചൂരി-കാരാട്ട് പക്ഷങ്ങള്‍ എന്നിങ്ങനെയുള്ള വാര്‍ത്താരീതിയെ ബൃന്ദാ കാരാട്ട് തള്ളി. ഭൂരിപക്ഷത്തിന്റെയോ ന്യൂനപക്ഷത്തിന്റെയോ നിലപാടല്ല വിജയിച്ചത്. കോണ്‍ഗ്രസുമായുള്ള ധാരണ എന്ന വാക്ക് കൂടുതല്‍ വിശദീകരിക്കുകയാണ് രാഷ്ട്രീയപ്രമേയം ചെയ്തതെന്നും ബൃന്ദ കൂട്ടിച്ചേര്‍ത്തു.
പിണറായിയുടെ പുസ്തകം പുറത്തിറക്കി
മുഖ്യമന്ത്രി പിണറായി വിജയന്റെ പുസ്തകം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ പ്രകാശനം ചെയ്തു. ‘ഇന്ത്യ വേര്‍സസ് ആര്‍എസ്എസ്’ എന്നാണ് പുസ്തകത്തിന്റെ ശീര്‍ഷകം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട്, മണിക് സര്‍കാര്‍ എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ട എങ്ങനെയാണ് രാജ്യത്തിപ്പോള്‍ നടപ്പിലാക്കുന്നത് എന്ന് വിശദീകരിക്കുന്നതാണ് പുസ്തകം.
കേരളത്തില്‍ നിന്നുള്ള വനിതാസംഘം
പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഒഴിവുസമയത്ത് കേരളത്തില്‍ നിന്നുള്ള വനിതാപ്രതിനിധികള്‍ ക്യാമറയ്ക്ക് മുന്നിലെത്തി. പി കെ ശ്രീമതി എംപി, സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍, മുന്‍ രാജ്യസഭാംഗം ടി എന്‍ സീമ, ഡിവൈഎഫ്‌ഐ നേതാവ് ഡോ. പ്രിന്‍സി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് വനിതാപ്രതിനിധികള്‍ എത്തിയിട്ടുള്ളത്.
സംഘടനാ റിപ്പോര്‍ട്ടിന്‍മേല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here