പൂരനാടിനെ ആവേശത്തിലാഴ്ത്തി ചെറുപൂരങ്ങള്‍; കണ്ണും കാതും തൃശൂരിലേക്ക്

തൃശൂര്‍ പൂരത്തെ വരവേറ്റ് പൂരപ്രേമികള്‍. ആവേശത്തിന്റെ അലയടികളുമായി ശക്തന്റെ തട്ടകത്തിലേക്ക് പതിനായിരങ്ങളുടെ ഒഴുക്ക്. രാവിലെ എട്ട് മണി മുതല്‍ ചെറുപൂരങ്ങള്‍ വടക്കുംനാഥന്റെ സന്നിധിയിലേക്ക് എത്തി തുടങ്ങിയതോടെ തേക്കിന്‍കാട് മൈതാനി പൂരപ്രേമികളുടെ ആരവങ്ങളില്‍ നിറഞ്ഞു. ഉച്ചയോടെ തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍ വരവ് മേളം ആരംഭിക്കും. മഠത്തില്‍ വരവിന് പിന്നാലെ പാറമേക്കാവ് വിഭാഗത്തിന്റെ ഇലഞ്ഞിത്തറ മേളം ആരംഭിക്കും. അഞ്ചു മണിയോടെ തെക്കോട്ടിറക്കവും ചരിത്ര പ്രസിദ്ധമായ കുടമാറ്റവും നടക്കും. കുടമാറ്റം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരിലെത്തും. രാത്രി പൂരത്തിന് ശേഷം പുലര്‍ച്ചെ മൂന്നോടെ വെടിക്കെട്ട് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, വെടിക്കെട്ടിനുള്ള അനുമതി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. അതിനാല്‍, വെടിക്കെട്ട് അനിശ്ചിതത്വത്തിലാണ്. ജില്ലാ ഭരണകൂടമാണ് അവസാന അനുമതി നല്‍കേണ്ടത്. വെടിക്കെട്ട് അനിശ്ചിതത്വത്തിലാകില്ലെന്നും അനുമതി നല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പൂരം കാണാന്‍ തൃശൂരിലെത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top