യഥാർത്ഥ വ്യക്തികളെ കുറിച്ച് പരാമർശമുണ്ടെന്ന് കാണിച്ച് ഫിലിം സെർട്ടിഫിക്കേഷൻ നൽകാതിരിക്കാനാകില്ല :എഫ്‌സിഎടി

‘ആഭാസ’ത്തിന് U/A സർട്ടിഫിക്കറ്റ് നൽകി ഫിലിം സെർട്ടിഫിക്കേഷൻ അപ്പാലെറ്റ് ട്രിബ്യൂണൽ. നേരത്തെ സിബിഎഫ്‌സി ആഭാസത്തിന് ‘എ’ സർട്ടിഫിക്കറ്റാണ് നൽകിയിരുന്നത്.
ഒരു പൊളിറ്റിക്കൽ സറ്റയറാണ് ആഭാസം. ഗാന്ധി, ഗോഡ്‌സേ, അംബേദ്കർ, ജിന്ന, മാർക്‌സ് തുടങ്ങിയ പേരുകളിൽ ബസ്സുകളുള്ള ഒരു ട്രാവൽ ഏജൻസിയെ ആസ്പദമാക്കിയാണ് ആഭാസത്തിന്റെ കഥ. ഡെമോക്രസി ട്രാവൽസ് എന്നാണ് ട്രാവൽ ഏജൻസിയുടെ പേര്. എന്നാൽ അത്തരം പ്രധാന വ്യക്തികളുടെ പേര് ചിത്രത്തിൽ ഉപയോഗിക്കുന്നത് വിലക്കിയ സിബിഎഫ്‌സി, ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകുകയുള്ളുവെന്നും, ചിത്രത്തിൽ നിന്നും ചില രംഗങ്ങൾ മാറ്റണമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ റിവൈസിങ്ങ് കമ്മിറ്റിയിൽ അപ്പീലിന് പോയ സിനിമാ പ്രവർത്തകർക്ക് അതിലും കഠിനമായ വെട്ടിത്തിരുത്തലുകളാണ് നേരിടേണ്ടി വന്നത്. സിനിമയിൽ ഗാന്ധി, ഗോഡ്‌സേ, ശിവ സേന, ഖർ വാപ്പസി പോലുള്ള വാക്കുകൾ മാറ്റണമെന്നും , ചില രംഗങ്ങൾ കളയണമെന്നും മറ്റും അവർ നിർദ്ദേശിച്ചു.
ഇതിൽ ആശങ്കരായ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എഫ്‌സിഎടിയെ സമീപിക്കുകയായിരുന്നു. ഒരു ചിത്രത്തിൽ യഥാർത്ഥ വ്യക്തികളുടെ പേര് പരാമർശിക്കുന്നതിനെ കുറിച്ച് പഠിച്ച എഫ്‌സിഎടി ആഭാസത്തിന് U/A സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. ബാറ്റിൽ ഓഫ് ബെനേർസ് എന്ന ചിത്രത്തിന്റെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട കേസിൽ യഥാർത്ഥ വ്യക്തികളുടെ പേര് പരാമർശിക്കുന്നു എന്നതിന്റെ പേരിൽ ഒരു ചിത്രത്തിന് സർട്ടിഫിക്കേഷൻ നിഷേധിക്കാൻ പാടില്ലെന്ന് ഡൽഹി ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിലായിരുന്നു എഫ്‌സിഎടി ആഭാസത്തിന് U/A സർട്ടിഫിക്കറ്റ് നൽകിയത്. ഉഡ്താ പഞ്ചാബ് കേസിൽ ബോമബേ ഹൈക്കോടതിയും സമാന വിധി പുറപ്പെടുവിച്ചിരുന്നു.
ചീഫ് ജസ്റ്റില് സൻമോഹൻ സരിൻ, പൂനം ധിലോൺ, ഷാസിയ ഇൽമി എന്നിവരടങ്ങുന്ന ട്രിബ്യൂണലാണ് ആഭാസത്തിന് U/A സർട്ടിഫിക്കറ്റ് നൽകിയത്. ആഭാസം ഒരു ആക്ഷേപഹാസ്യമാണെന്നും അതിൽ പ്രമുഖ വ്യക്തികളെ കുറിച്ചുള്ള പരാമർശം ദോഷമുണ്ടാക്കുന്നതല്ലെന്നും അവർ ചൂണ്ടിക്കാട്ടി. ന്നൊൽ സിബിഎഫ്‌സി നിർദ്ദേശിച്ച രംഗങ്ങൾ വെട്ടിമാറ്റുന്നതിൽ എഫ്‌സിഎടിക്ക് എതിരഭിപ്രായം ഇല്ലായിരുന്നു.
നവാഗതനായ ജുബിത്ത് നമ്രാടത്ത് സംവിധാനം ചെയ്യുന്ന ആഭാസത്തിൽ റിമ കല്ലിംഗൽ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമ്മൂട്, അലൻസിയർ എന്നിങ്ങനെ നിരവധി താരങ്ങൾ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
വിധിയുടെ പകർപ്പ് :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here