ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തും

വിദേശ വനിത ലിഗ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തെയും സമീപപ്രദേശത്തെയും കാടുവെട്ടിത്തെളിച്ച് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മരണത്തെ കുറിച്ചുള്ള ദുരൂഹതകള്‍ക്ക് അവസാനം കാണാനാണ് ഈ നടപടി.
ലിഗയുടെ മൃതദേഹം കിടന്നിടത്തേക്ക് അധികം വിദേശികള്‍ക്ക് എത്താന്‍ സാധിക്കില്ലെന്നാണ് പരിസരവാസികള്‍ പറഞ്ഞിരുന്നത്. എന്നാല്‍, സ്ഥലത്തേക്ക് പലപ്പോഴും വിദേശ സഞ്ചാരികള്‍ കൂട്ടമായി എത്താറുണ്ടെന്ന് ഒരു തോണിക്കാരന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് അന്വേഷണസ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചത്.
ലിഗയുടെ മരണം കൊലപാതകം തന്നെയാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം. എന്നാല്‍, ഇതേ കുറിച്ച് സ്ഥിരീകരിക്കണമെങ്കില്‍ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും, ആന്തരിക അവയവങ്ങളുടെ റിപ്പോര്‍ട്ടും പുറത്തുവരണം. ഇന്ന് വൈകീട്ടോടെ റിപ്പോര്‍ട്ടുകള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹത്തിന്റെ പഴക്കം കാരണമാണ് ആന്തരികാവയവങ്ങളുടെ റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നത്.
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പോത്തൻകോട്ട് നിന്നും കോവളത്ത് ഓട്ടോയിലെത്തിയ ലിഗയെ ഗൈഡ് ചമഞ്ഞ് സൗഹൃദം കൂടിയെത്തിയ ആൾ മയക്കുമരുന്ന് കലർത്തിയ സിഗററ്റ് നൽകി കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് കസ്റ്റഡിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നും പോലീസിന് വിവരം ലഭിച്ചു. ലിഗയ്ക്ക് മയക്കുമരുന്ന് കലർത്തിയ സിഗററ്റ് നൽകിയ ആളും ഇയാളുടെ സഹായിയും പോലീസിന്റെ കസ്റ്റഡിയിലുണ്ട്.
ശാസ്ത്രീയ തെളിവുകളും മറ്റ് തെളിവുകളും ലഭിച്ച ശേഷം രണ്ട് ദിവസത്തിനകം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here