അബുദാബി പ്രദർശന നഗരിയിൽ നടക്കുന്ന പുസ്തകോത്സവത്തിന് ജനത്തിരക്കേറുന്നു

ഇരുപത്തിയെട്ടാമത് അബുദാബി രാജ്യാന്തര പുസ്തകമേളയില്‍ ഇന്ത്യ ഉൾപ്പെടെ 63 രാജ്യങ്ങളിൽനിന്നായി 1350 പ്രദർശകരാണ് പങ്കെടുക്കുന്നത്. മുപ്പത്തഞ്ചിലധികം ഭാഷകളിൽനിന്നുള്ള അഞ്ച് ലക്ഷം പുസ്തകങ്ങള്‍ വായനാ പ്രേമികളെ മേളയിലേക്ക് ആകര്‍ഷിക്കുന്നു. വിവിധ ദിവസങ്ങളിൽ നടക്കുന്ന സെമിനാറുകളിൽ പ്രമുഖ എഴുത്തുകാരും പ്രസാധകരും പങ്കെടുക്കുന്നുണ്ട്. കുടുംബിനികൾ, സ്കൂൾ, സർവ്വകലാശാല, കോളജ് വിദ്യർത്ഥികൾ എന്നിവരുടെ ഒഴുക്കാണ് കഴിഞ്ഞ ദിവസങ്ങളിളുണ്ടായത്. ഏറ്റവും ചെറിയ വിശുദ്ധ ഖുർആൻ മുതൽ അമൂല്യങ്ങളായ അറബിക്ക് ഗ്രന്ഥങ്ങൾ വരെ മേളയിലുണ്ട്.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നാണിത്. അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്റെ രക്ഷാധികാരത്തിലാണ് മേള നടക്കുന്നത്. പോളണ്ടാണ് ഇത്തവണ വിശിഷ്ട രാജ്യം. പോളിഷ് സാഹിത്യത്തിന്റെ 1000 വര്‍ഷത്തെ ചരിത്രം മേളയില്‍ ലഭ്യമായിരിക്കും. പോളിഷ് എഴുത്തുകാരുമായി സംവദിക്കാനും പോളണ്ടിന്റെ സമ്പന്ന സംസ്‌കാരവും പൈതൃകവും മനസിലാക്കാനും സഹൃദയര്‍ക്ക് അവസരവും ലഭിക്കും.
ഫ്രഞ്ച്, ഇംഗ്ലീഷ്, ജര്‍മന്‍ എന്നീ മൂന്നു ഭാഷകളില്‍ നിന്നായി മൊഴിമാറ്റം നടത്തപ്പെട്ട 25 പുതിയ പുസ്തകങ്ങള്‍ ഇത്തവണത്തെ മേളയുടെ പ്രത്യേകതയായിരിക്കും. ഇലക്ട്രോണിക് ക്രെഡിറ്റ് കാര്‍ഡാണ് മറ്റൊരു പ്രത്യേകത. സന്ദര്‍ശകര്‍ക്കെല്ലാം ഇത് ലഭിക്കും. പണം കൊണ്ടു നടക്കുന്നതിനു പകരം കാര്‍ഡ് കൈയില്‍ വെക്കാനും അവ ഉപയോഗിച്ച് പുസ്തകങ്ങള്‍ വാങ്ങാനും സാധിക്കും. മെയ് ഒന്നിന് മേള സമാപിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here