‘കണ്‍ഫ്യൂസിംഗ് പാര്‍ട്ടി’ യെന്ന് കനയ്യകുമാര്‍; പാര്‍ട്ടി കോണ്‍ഗ്രസില്‍ വിമര്‍ശനം

കോണ്‍ഗ്രസ് ബന്ധത്തില്‍ സിപിഐയ്ക്ക് വ്യക്തമായ നിലപാടില്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പൊതുചര്‍ച്ചയില്‍ വിമര്‍ശനം. വിമര്‍ശകന്‍ മറ്റാരുമല്ല; ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സിപിഐയുടെ യുവമുഖമായ കനയ്യകുമാര്‍ തന്നെ. ‘കണ്‍ഫ്യൂസിംഗ് പാര്‍ട്ടി ഓഫ് ഇന്ത്യ’ എന്ന നിലയ്ക്കാണ് നേതൃത്വത്തിന്റെ സമീപനം എന്നും കനയ്യകുമാര്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിക്കാന്‍ അങ്ങോട്ടുപോവുകയല്ല വേണ്ടത്. പാര്‍ട്ടി ശക്തിപ്പെടണം. അതുകണ്ട് കോണ്‍ഗ്രസ് പിന്നാലെ വരണമെന്നും കനയ്യ പറഞ്ഞു. രാഷ്ട്രീയ-സംഘടനാ റിപ്പോര്‍ട്ടുകളില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ വൈകിട്ട് പൊതുചര്‍ച്ച പൂര്‍ത്തിയാകും. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി മറുപടി പറയും.
സുധാകര്‍ റെഡ്ഢി തുടര്‍ന്നേക്കും
സിപിഐ ജനറല്‍ സെക്രട്ടറിയായി തുടര്‍ച്ചയായ മൂന്നാം തവണയും സുധാകര്‍ റെഡ്ഢി തിരഞ്ഞെടുക്കപ്പെട്ടേക്കും. ഒഴിയാനുള്ള താത്പര്യം അറിയിച്ചെങ്കിലും സുധാകര്‍ റെഡ്ഢി തുടരട്ടെയെന്നാണ് ദേശീയ നേതൃത്വത്തിലെ പൊതുവികാരം. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ഗുരുദാസ് ദാസ് ഗുപ്ത മാറും. അനാരോഗ്യത്തെ തുടര്‍ന്നാണ് ഗുരുദാസ് മാറുന്നത്. ഡി രാജയോ അതുല്‍കുമാര്‍ അഞ്ജാനോ പകരക്കാരനാകും.
കേരളത്തില്‍ നിന്നും പുതുമുഖങ്ങള്‍
കേരളത്തില്‍ നിന്നുള്ള ദേശീയ കൗണ്‍സില്‍ അംഗങ്ങളില്‍ മാറ്റമുണ്ടാകും. മുതിര്‍ന്ന അംഗം സി എ കുര്യന്‍, സി എന്‍ ചന്ദ്രന്‍, കെ രാജന്‍ എന്നിവര്‍ ഒഴിയും. അധികമായി കിട്ടുന്ന സീറ്റിലുള്‍പ്പെടെ നാലു പുതുമുഖങ്ങള്‍ കേരളത്തില്‍ നിന്ന് ദേശീയ കൗണ്‍സിലില്‍ എത്തും. കെ പി രാജേന്ദ്രന്‍, പി പ്രസാദ്, മുല്ലക്കര രത്‌നാകരന്‍, കെ പ്രകാശ് ബാബു എന്നിവര്‍ക്കാണ് മുന്‍ഗണന. പന്ന്യന്‍ രവീന്ദ്രന്‍ ദേശീയ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാകുമ്പോള്‍ കെ ഇ ഇസ്മയില്‍ എക്‌സിക്യൂട്ടീവില്‍ തുടരുമെന്നാണ് വിവരം. ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിനോയ് വിശ്വം സെക്രട്ടറിയേറ്റില്‍ എത്താന്‍ സാധ്യതയുണ്ട്
നാളെയാണ് പുതിയ ദേശീയ കൗണ്‍സിലിനേയും ജനറല്‍ സെക്രട്ടറിയേയും തിരഞ്ഞെടുക്കുന്നത്. ഉച്ചയ്ക്കു ശേഷം നടക്കുന്ന റെഡ് വളണ്ടിയര്‍ മാര്‍ച്ചോടെ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here