Advertisement

9 അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ; 6 ദേശീയ പുരസ്‌കാരങ്ങൾ; നൂറിൽപരം മറ്റ് പുരസ്‌കാരങ്ങൾ; ചെറുതല്ല എആർ റഹ്മാൻ എന്ന സംഗീത സാമ്രാട്ടിന്റെ സ്‌കോർ !

May 3, 2018
Google News 1 minute Read

മുപ്പത്തിയൊന്ന് വർഷത്തെ സംഗീത ജീവിതം…അതിൽ ഓസ്‌ക്കാറും, ബാഫ്തയും ഗ്രാമിയും അടക്കം ഒമ്പത് അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ, ആറ് ദേശീയ പുരസ്‌കാരങ്ങൾ, തമിഴ്‌നാട് സർക്കാരിന്റെ ആറ് സംസ്ഥാന പുരസ്‌കാരങ്ങൾ, 31 ഫിലിം ഫെയർ പുരസ്‌കാരങ്ങൾ, 12 ഐഫ പുരസ്‌കാരങ്ങൾ, എംടിവി അവാർഡ്‌സ്, ലോസ് ഏഞ്ചൽസ് ഫിലിം ക്രിട്ടിക്‌സ് അവാർഡ്, ഗ്ലോബൽ ഇന്ത്യൻ ഫിലിം അവാർഡ് ഉൾപ്പെടെ നൂറോളം മറ്റ് പുരസ്‌കാരങ്ങൾ…ഇന്ത്യൻ മൊസാർട്ട് എന്നറിയപ്പെടുന്ന എആർ റഹ്മാന്റെ സ്‌കോർ ചെറുതല്ല…!

ജിംഗിൾസ് കമ്പോസ് ചെയ്ത് തന്റെ സംഗീത ജീവിതത്തിന് തുടക്കം കുറിച്ച റഹ്മാൻ 1992 ൽ റോജ എന്ന ചിത്രത്തിലൂടെയാണ് തന്റെ ആദ്യ പുരസ്‌കാരം സ്വന്തമാക്കുന്നത്. ഫിലിംഫെയർ അവാർഡ് സൗത്തിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരമാണ്  അദ്ദേഹം അന്ന് സ്വന്തമാക്കിയത്. ശേഷം 1993 ൽ റോജയിലൂടെ അദ്ദേഹത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ആ വർഷം തന്നെ ജെന്റിൽമാൻ എന്ന ചിത്രത്തിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള തമിഴ്‌നാട് സർക്കാരിന്റെ സംസ്ഥാന പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി.

പിന്നീട് തുടർച്ചയായി എല്ലാ വർഷങ്ങളിലും റഹ്മാന് പുരസ്‌കാരങ്ങൾ ലഭിച്ചു. 1994 ലും 95 ലും തമിഴ്‌നാട് സർക്കാരിന്റെ ദേശീയ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. 1995 ലാണ് അദ്ദേഹത്തിന് കലൈമാമണി പുരസ്‌കാരം ലഭിക്കുന്നത്. 1999 ലാണ് പിന്നീട് തമിഴ്‌നാട് സർക്കാരിന്റെ പുരസ്‌കാരം റഹ്മാനെ തേടിയെത്തുന്നത്. സംഗമം എന്ന ചിതത്തിലൂടെയായിരുന്നു തന്റെ നാലാമത്തെ സംസ്ഥാന പുരസ്‌കാരം റഹ്മാൻ സ്വന്തമാക്കിയത്. ശേഷം 2000 ൽ രാജ്യം പത്മശ്രീ നൽകി എആർ റഹ്മാനെ ആദരിച്ചു. ഈ കാലയളവിൽ നിരവധി ഫിലിംഫെയർ പുരസ്‌കാരങ്ങൾ, ഐഫ പുരസ്‌കാരങ്ങൾ റഹ്മാനെ തേടി എത്തിക്കൊണ്ടേയിരുന്നു.

തന്റെ ആദ്യ ദേശീയ പുരസ്‌കാരത്തിന് പത്ത് വർഷത്തിന് ശേഷമാണ് റഹ്മാനെ തേടി തന്റെ രണ്ടാം ദേശീയ പുരസ്‌കാരം എത്തുന്നത്. കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിലൂടെയാണ് 2003 ൽ റഹ്മാന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. 2004 ൽ ലതാ മങ്കേഷ്‌കർ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു.

2009 ലാണ് അദ്ദേഹത്തിന് ആദ്യ അന്താരാഷ്ട്ര പുരസ്‌കാരം ലഭിക്കുന്നത്. ഓസ്‌ക്കാറാണ് അദ്ദേഹത്തിന് ലഭിച്ച ആദ്യത്തെ അന്താരാഷ്ട്ര പുരസ്‌കാരം. സ്ലംഡോഗ് മില്ല്യണയർ എന്ന ചിത്രത്തിലൂടെയായിരുന്നു ഈ നേട്ടം അദ്ദേഹം കൈവരിച്ചത്. ബെസ്റ്റ് ഒറിജിനൽ സ്‌കോർ, ബെസ്റ്റ് ഒറിജിനൽ സോങ്ങ് എന്നീ വിഭാഗത്തിലാണ് അദ്ദേഹത്തിന് ഈ പുരസ്‌കാരം ലഭിച്ചത്. അതേവർഷം തന്നെ അതേ ചിത്രത്തിലെ സംഗീതത്തിന് അദ്ദേഹത്തിന് ബാഫ്ത പുരസ്‌കാരവും ലഭിച്ചു. മികച്ച സംഗീതത്തിനുള്ള പുരസ്‌കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്. ആ വർഷം തന്നെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും, ഗ്രാമി പുരസ്‌കാരവും ലഭിച്ചു. അങ്ങനെ 2009 ൽ ഓസ്‌ക്കാർ അവാർഡ്, ബാഫ്ത പുരസ്‌കാരം, ഗോൾഡൻ ഗ്ലോബ്, രണ്ട് ഗ്രാമി, വേൾഡ് സൗണ്ട് ട്രാക്ക് അവാർഡ് എന്നിങ്ങനെ ആറ് സുപ്രധാന അന്താരാഷ്ട്ര പുരസ്‌കാരം നേടി ലോകശ്രദ്ധ ആകർഷിച്ചു.

2010 ൽ പത്മഭൂഷൻ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2011 ൽ 127Hr എന്ന ചിത്രത്തിലെ സംഗീതത്തിന് അദ്ദേഹത്തിന് വേൾഡ് സൗണ്ട് ട്രാക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2014 ൽ തമിഴ്‌നാട് സർക്കാരിന്റെ കാവ്യ തലൈവൻ എന്ന പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. 2010 ലെ പത്മഭൂഷൻ ലഭിക്കുന്നതിന് ശേഷം പിന്നീട് അദ്ദേഹത്തെ തേടി ഒരു ദേശീയ ആദരം എത്തുന്നത് 2017 ലാണ്. കാട്ര് വെളിയിടെ, മോം എന്നീ ചിത്രങ്ങളിലെ സംഗീതത്തിന് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു.

സംസ്ഥാന-ദേശീയ-അന്തർദേശീയ പുരസ്‌കാരങ്ങളെ കൂടാതെ നിരവധി ഹോണററി ഡോക്ടറേറ്റുകൾ, ഐഫ, ഫിലിംഫെയർ, ഗ്ലോബൽ ഇന്ത്യൻ പുരസ്‌കാരം, സിനി ഗോവേഴ്‌സ് പുരസ്‌കാരം, സിനിമ എക്‌സപ്രസ് അവാർഡ്, സംഗീത് അവാർഡ്, സിഎൻഎൻ-ഐബിഎൻ അവാർഡ്, മിർച്ചി മ്യൂസിക്ക് അവാർഡ്, ലോസ് ഏഞ്ചൽസ് ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ അവാർഡ്, ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് ഓൺലൈൻ പുരസ്‌കാരം, സാൻഡിയാഗോ ഫിലിം ക്രിട്ടിക്‌സ് സൊസൈറ്റി അവാർഡ്, സാറ്റലൈറ്റ് അവാർഡ് (യുണൈറ്റഡ് സ്റ്റേറ്റ്‌സ്), യുകെ ഷ്യേൻ മ്യൂസിക്ക് അവാർഡ്, ഹോങ്ങ് കോങ്ങ് ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ ഏഷ്യൻ ഫിലിം അവാർഡ്, ഡോറ മാവൂർ മൂർ അവാർഡ് (കാനഡ), ചിക്കാഗോ ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ അവാർഡ്, ഹൗസ്റ്റൺ ഫിലിം ക്രിട്ടിക്‌സ് സൊസൈറ്റി അവാർഡ് എന്നിങ്ങനെ നൂറിൽപ്പരം പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു.

1993 മുതൽ 2018 വരെ തുടർച്ചയായി സംസ്ഥാന-ദേശീയ-അന്തർദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പെടെ 150 ൽ പരം പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ മറ്റൊരു സംഗീതജ്ഞൻ ഇന്ത്യൻ ചരിത്രത്തിൽ ഉണ്ടാകില്ല !

ഈ സംഗീത മാന്ത്രികൻ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ കോൺസേർട്ടാണ് കേരള ജനതയ്ക്കായി ഫ്‌ളവേഴ്‌സ് മെയ് 12 ന് തൃപ്പൂണിത്തുറ ചോയ്‌സ് ടവറിന് സമീപം ഇരുമ്പനം ഗ്രൗണ്ടിൽ ഒരുക്കുന്നത്. മണിക്കൂറുകൾ നീളുന്ന സംഗീത വിസ്മയത്തിനാണ് കേരളം കാത്തിരിക്കുന്നത്. സിനിമയിലൂടെയും മറ്റും കേട്ട മാന്ത്രിക താളങ്ങളെ നേരിട്ട് കണ്ട് ആസ്വദിക്കാമെന്ന ആവേശത്തിലാണ് ആരാധകർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here