Advertisement

മൂന്നാറില്‍ സജീവമായി ഭൂമാഫിയാസംഘം വീണ്ടും

May 8, 2018
1 minute Read

കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി കൈയ്യടക്കാന്‍ മൂന്നാറില്‍ പ്രത്യേക മാഫിയസംഘം. വ്യാജ കൈവശരേഖയും സീലും ഉപയോഗിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് മാഫിയസംഘം ഭൂമി കൈവശപ്പെടുത്തുന്നത്. വില്ലേജ് ഓഫീസറുടെ വ്യാജ കൈവശരേഖയും സീലും ഉപയോഗപ്പെടുത്തിയാണ് സര്‍ക്കാരിന്റെ കോടികള്‍ വിലമതിക്കുന്ന ഭൂമി സംഘം കൈയ്യടക്കുന്നത്.

സ്വന്തമായി നിര്‍മ്മിച്ച രേഖകള്‍ കോടതിയില്‍ ഹാജരാക്കി താമസിക്കാന്‍ അനുവദിക്കണമെന്ന കോടതിയുടെ ഉത്തരവും കൈക്കലാക്കും. തുടര്‍ന്ന് ഭൂമിയിലെ കാടുകള്‍ വെട്ടിത്തെളിച്ച് ഷെഡുകള്‍ നിര്‍മ്മിക്കുകയും ഇത്തരം ഭൂമി കോടികള്‍ക്ക് മറിച്ചുവില്‍ക്കുകയുമാണ് ചെയ്യുന്നത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ കെ.ഡി.എച്ച് വില്ലേജ് ഓഫീസിന് സമീപത്താണ് ഇത്തരത്തില്‍ മാഫിയ സംഘം ഭൂമി കൈയ്യടക്കി ഷെഡുകള്‍ നിര്‍മ്മിച്ച് മറിച്ചുവില്‍ക്കുന്നത്.

കഴിഞ്ഞ ദിവസം ഭൂമിയില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതായി മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കെ. ശ്രീനിവാസന് വിവരം ലഭിക്കുകയും ഇവര്‍ നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

കൈയ്യേറ്റക്കാര്‍ ഹാജരാക്കിയ രേഖകളില്‍ സര്‍ക്കാര്‍ സീലും മറ്റും വ്യാജമാണെന്ന് കണ്ടെത്തിയതോടെ വില്ലേജ് ഓഫീസിലെ ഹാജര്‍ ബുക്കുകളില്‍ പരിശോധന നടത്തി. ഇതില്‍ അന്നേദിവസം വില്ലേജ് ഓഫീസര്‍ ലീവായിരുന്നെന്നും അത്തരം ഒരു കൈവശരേഖ നല്‍കിയിട്ടില്ലെന്ന് വ്യക്തമാണന്നും അദ്ദേഹം പറയുന്നു. ബോട്ടാനിക്ക് ഗാര്‍ഡനും വില്ലേജ് ഓഫീസിനും ഇടയിലുള്ള 15 ഏക്കറോളംവരുന്ന ഭൂമി അഞ്ച് പേരടങ്ങുന്ന സംഘമാണ് കൈയ്യടക്കിയിരിക്കുന്നത്. ഇത്തരം ഭൂമിയില്‍ നിര്‍മ്മിച്ച മൂന്ന് ഷെഡുകള്‍ സംഘം പൊളിച്ചുനീക്കുകയും ചെയ്തു. വ്യാജരേഖകളുണ്ടാക്കി മൂന്നാറിലെ പച്ചപ്പ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സംഘത്തിന് മൂന്നാറിലെ ചില രാഷ്ട്രീയ നേതാക്കളുടെ ഓത്താശയുമുണ്ട്. കോടതിയില്‍ ഇത്തരം കേസുകള്‍ വാദിക്കുന്നതിന് പ്രത്യേക സംഘവും ഇവര്‍ക്കുണ്ടെന്നും തഹസില്‍ദാര്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top