തെരുവുനായ്ക്കളെ കുഴിച്ചുമൂടിയെന്ന പരാതി; പൊലീസ് പരിശോധനയിൽ നാല് നായ്ക്കളുടെ ജഡം കണ്ടെത്തി

തെരുവുനായ്ക്കളെ കൂട്ടത്തോടെ പിടികൂടി കുഴിച്ചുമൂടിയെന്ന പരാതിയിൽ മൂന്നാർ കല്ലാർ മാലിന്യ പ്ലാൻ്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ നാല് നായ്ക്കളുടെ ജഡം കണ്ടെത്തി. ഇരുനൂറോളം നായകളെ ജീവനോടെ കുഴിച്ചുമൂടിയെന്നാണ് ഇടുക്കി ആനിമൽ റെസ്ക്യൂ ടീം നൽകിയ പരാതി.
[Complaint of stray dogs being buried]
നായ്ക്കളെ പിടികൂടി പഞ്ചായത്ത് വാഹനത്തിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടി ഊർജിതമാക്കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാർ പൊലീസ് ഡ്രൈവറെ ചോദ്യം ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മാലിന്യ പ്ലാൻ്റിലെ സംശയാസ്പദമായ സ്ഥലത്ത് ഇന്ന് ജെസിബി ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് നായ്ക്കളുടെ ജഡം കണ്ടെത്തിയത്. എന്നാൽ ഇത് പിടിച്ചുകൊണ്ട് പോയ നായകളുടെ ജഡം തന്നെയാണോന്ന് സ്ഥിരീകരിച്ചിട്ടില്ല.
Read Also: യെമനിൽ ബോട്ട് മുങ്ങി; ദുരന്തമുഖത്ത് 68 ജീവനുകൾ പൊലിഞ്ഞു, നിരവധി പേരെ കാണാതായി
കഴിഞ്ഞ രണ്ട് മാസത്തിനിടെ കുട്ടികളുൾപ്പെടെ മുപ്പതോളം പേർക്ക് മൂന്നാറിൽ തെരുവ് നായയുടെ കടിയേറ്റതിനെ തുടർന്നാണ് പഞ്ചായത്ത് നടപടി. എന്നാൽ നായകളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റുന്നതിന് പകരം കൊന്ന് കുഴിച്ചുമൂടിയെന്നാണ് ഇടുക്കി ആനിമൽ റെസ്ക്യൂ ടീം ആരോപിക്കുന്നത്. ടീമിൻ്റെ നേതൃത്വത്തിൽ മഞ്ജു എന്ന സ്ത്രീയാണ് പൊലീസിൽ പരാതി നൽകിയത്. നായ്ക്കളെ ജീവനോടെയാണോ അതോ കൊലപ്പെടുത്തിയ ശേഷമാണോ കുഴിച്ചുമൂടിയതെന്ന് പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Story Highlights : Complaint of stray dogs being buried; Police find bodies of four dogs during inspection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here