‘അധിക തീരുവ ഏർപ്പെടുത്തിയ യുഎസ് നടപടി അന്യായവും നീതീകരിക്കാനാകാത്തതും’; രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ

വീണ്ടും അധിക തീരുവ ഏർപ്പെടുത്തിയ അമേരിക്കൻ നടപടിയിൽ പ്രതികരിച്ചു ഇന്ത്യ. യുഎസ് നടപടി അന്യായവും നീതീകരിക്കപ്പെടാത്തതുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്താനുള്ള യുഎസ് തീരുമാനം അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും, ഇന്ത്യയുടെ ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വീണ്ടും 25% തീരുവ ചുമത്തിയിരിക്കുകയാണ് അമേരിക്ക. ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. നേരത്തെ ചുമത്തിയ 25% തീരുവയ്ക്കു പുറമെ ആണിത്. ഇതോടെ ഇന്ത്യൻ ഉൽപന്നങ്ങൾക്കു മേലുള്ള ആകെ തീരുവ 50% ആയി. ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവുമധികം തീരുവ ഇന്ത്യയ്ക്കാണ്.
യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്ക് മേൽ അമേരിക്കയും സഖ്യകക്ഷികളും ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ റഷ്യയിൽ നിന്ന് വൻതോതിൽ ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇത് വഴി റഷ്യയെ ഇന്ത്യ സഹായിക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം.
റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ യുഎസും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ഉന്നംവയ്ക്കുന്നത് അനീതിയാണെന്നു ഇന്ത്യ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിനിടയിലും അമേരിക്ക റഷ്യയിൽനിന്ന് യുറേനിയം ഹെക്സാഫ്ലൂറൈഡും യൂറോപ്യൻ രാജ്യങ്ങൾ വിവിധ രാസവസ്തുക്കളും വാങ്ങുന്നതും ചൂണ്ടിക്കാട്ടിയിരുന്നു.
Story Highlights : India Slams Unjustified U.S. Tariff Hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here